Sunday, February 22, 2009

കാമ്പസ് ഇന്റര്‍വ്യൂ @ കാവും പടി ഷാപ്പ്.


എല്ലാ ബി ടെക് കാരുടെയും ഒരു സ്വപ്നമാണ് ആറാമത്തെ സെമസ്റ്റര് മുതല് വന്നു ചേരുന്ന കാമ്പസ് ഇന്റര്‍വ്യൂ അഥവാ പിള്ളേരെ പിടുത്തം. പിള്ളേരെ പിടുത്തം എന്ന് പറഞ്ഞാല് ശരിക്കും പിള്ളേരെ പിടുത്തം തന്നെ . അതായതു ഇറച്ചികോഴികളെ കടയില് നിനും വാങ്ങുന്ന പോലെ ഒരു പരിപാടി. നമ്മുടെ നാട്ടിലൊക്കെ ക്രിസ്മസ് , ഈസ്റ്റര് മുതലായ വിശേഷ ദിവസങ്ങളില് കോട്ടയം പാലാ "അച്ചായന്മാര്" കടയില് ചെന്നു ഒരു പറച്ചിലുണ്ട് " ഡേയ് ഇതില് ഏറ്റവും വലിപ്പമുള്ള ഒരു 5 - 8 എണ്ണം നോക്കി മാറ്റി വെച്ചേക്ക് ഞാന് ഷീറ്റ് കൊടുത്തിട്ട് ദാ വരുന്നു." അത് പോലെ വന്‍കിട കുത്തക കോര്‍പ്പറേറ്റ് കമ്പനികളില് നിന്നും കാണാന് കൊള്ളാവുന്ന കുറെ പെണ്‍പിള്ളാരെയും കൂട്ടി കൊണ്ടു കുറെ അച്ചായന്മാര് ഇറങ്ങും. കോളേജുകളില് നിന്നും കുറെ എണ്ണത്തിനെ മുന്‍കൂട്ടി ബുക്ക് ചെയ്യാന് !. ഇവരുടെ ലിസ്റ്റില് കയറി പറ്റണം എങ്കില് ഒന്നുകില് കാണാന് കൊള്ളാവുന്ന പെണ്‍കുട്ടികള് ആയിരിക്കണം അല്ലെങ്കില് അസാമാന്യ വിവരം ഉണ്ടെന്നു തെളിയിക്കുകയും ഇംഗ്ലീഷില് ചീത്ത വിളിക്കാന് അറിയുകയും വേണം.



എന്റെ ബാച്ചില് അഞ്ചാമത്തെ സെമെസ്ടെരിന്ടെ അവസാനം മുതല് തന്നെ കലാപരിപാടികള് അരങ്ങേറാന് തുടങ്ങിയിരുന്നു... നമ്മളും പരിപാടികള്‍ക്ക് ഒക്കെ പോകും പക്ഷെ മുകളില് പറഞ്ഞ യോഗ്യതകള് ഒന്നും നമ്മുടെ ഏഴയലത്തു കൂടി പോകാത്തതിനാല് ആര്‍ക്കും നമ്മളെ വേണ്ട... അഞ്ചാം സെമെസ്റെര് കഴിഞ്ഞു ആറ് പകുതി ആയപ്പോള് ഒരു കാര്യം മനസിലായി ... സംഗതികളുടെ പോക്ക് ആകെ പിശകാണ്.. മിടുക്കന്മാര് എല്ലാം ഒന്നിന് പകരം രണ്ടും മൂന്നും കമ്പനികളില് ജോലി ഉറപ്പിച്ചു കഴിഞ്ഞു ... പെണ്‍പിള്ളേരുടെ കാര്യം പറയാനുമില്ല.



ജോലി കിട്ടാത്തവരുടെ ഒരു ലിസ്റ്റ് എടുത്തു നോക്കിയപ്പോള് KHADOLS എല്ലാം ലിസ്റ്റിലുണ്ട്. ഭാഗ്യം ഒരുത്തനും നമ്മളെ വിട്ടു പോയിട്ടില്ല.. ഐക്യം ഐക്യം എന്ന് പറയുന്നതു ഇതാണ്. കോളേജിലെ എല്ലാ തല്ലിപൊളി അലമ്പ് തരങ്ങള്‍ക്കും സീരീസ് എക്സാം കംബയിന്റ്റ് സ്റ്റഡിക്കും(?) ഒരുമിച്ചുള്ള ഞങ്ങളുടെ ഗ്രൂപ്പ് ഇവിടെയും വിട്ടു കൊടുത്തിട്ടില്ല .. ഹും അങ്ങനെ നമ്മളെ ആര്‍ക്കും തോല്പിക്കാന് പറ്റില്ല എന്ന് അഹങ്കരിച്ചു ഇരിക്കുമ്പോഴാണ് ദേ പാളയത്തില് പട ... KHADOLS ന്റെ എല്ലാം എല്ലാം ആയ വിഷ്ണുവിനെ ഒരു തിരോന്തോരം കമ്പനി റാഞ്ചി. ടെസ്പ് എന്ന് പറഞ്ഞാല് പോര കട്ട ടെസ്പ്. ടാറ്റാ എന്ന പേരു കഴിഞ്ഞു ഇംഗ്ലീഷ് അക്ഷരമാലയിലെ എന്തൊക്കെയോ കുറെ അക്ഷരങ്ങള് വാല് പോലെ അറ്റത്ത് പിടിപ്പിച്ച കടിച്ചാല് പൊട്ടാത്ത പേരുള്ള കമ്പനി ( സത്യം പറയാമല്ലോ ഇതിന്റെ പേരു ശരിക്കും എങ്ങനെ ആണ് പറയുന്നതു എന്ന് ഇപ്പോളും എനിക്കറിയില്ല... വായിക്കാന് പറ്റുന്നവര് ശ്രമിച്ചു നോക്കുക " TATA ELXSI" ). അങ്ങനെ അവനും നമ്മുടെ ഗ്രൂപ്പിനോട് "ടാറ്റാ " പറഞ്ഞു .



വിഷ്ണു എസ്കേപ് ആയ ഉടനെ തന്നെ ഒരു കെട്ട് സി ഡി , 500 പേജ് നോട്ടുബുക്ക് , പിന്നെ കുറെ പ്രിന്റെഡ് ചോദ്യങ്ങളും ഉത്തരവും KHADOLS നു കൈ മാറി .സി ഡി - ഹോളിവൂഡ് സിനിമകളുടെ ഒരു ശേഖരം - ഇതെല്ലാം ഇട്ടു കണ്ടു അവന് ഇംഗ്ലീഷ് പഠിച്ചത്രെ! , , പിന്നെ അവന്റെ കുറെ ഇലക്ട്രോണിക്സ് നോട്ടുകള് , പ്രിന്റെഡ് എല്ലാം അവന് വളരെക്കാലം ഗവേഷണം നടത്തി കണ്ടു പിടിച്ച ഇന്റര്‍വ്യൂ ചോദ്യോത്തരങ്ങള് ആണത്രേ ! ( പിന്നെയല്ലേ മനസിലായത് ഇതൊക്കെ അവന് നെറ്റില് നിന്നും അടിച്ച് മാറ്റിയതാണെന്ന് ).


KHADOLS ഉടന് തന്നെ ഒരു ജനറല് ബോഡി വിളിച്ചു കൂട്ടി അടുത്ത കാമ്പസ് ഇന്റര്‍വ്യൂ എങ്ങനെയും കടക്കുക എന്ന ഭീഷ്മ ശപഥം എടുത്തു. ഉടന് തന്നെ ബിമല് ഒരു 500 രൂപയ്ക്കു പേപ്പറും ഒരു ഡസന് പേനയും പിന്നെ അടുത്തുള്ള ഫര്‍നിച്ചുര് കടയില് നിന്നും ഒരു 4 ഗുണം 4 പലക കഷണവും ഒപ്പിച്ചു. പതിവു പോലെ പഠനം Khadolsന്റെ തലസ്ഥാനം ആയ ഏഴാം മൈലില് നിന്നും തുടങ്ങാം എന്ന് വിചാരിച്ചു എത്തിയപ്പോഴാണ് അടുത്ത വീട്ടില് "രക്ഷിക്കപെട്ടവരുടെ" അഖിലേന്ത്യാ സമ്മേളനം നടക്കുന്നത്. ഇനി ഏഴാം മൈല് പോയിട്ട് ഒരു 5-6 മൈല് മാറിയാലും നമ്മള് അവരുടെ പിടിയില് നിന്നും രക്ഷപെടില്ല.


അപ്പോഴാണ് Khadolsലെ ഏറ്റവും നിഷ്കളങ്കന് ആയ ഞങ്ങളുടെ "മാടപ്രാവ് " ( എന്ന് വെച്ചാല് പ്രാവിന്റെ ഹൃദയവും മാടിന്റെ സ്വഭാവവും ഉള്ള ഒരു നിഷ്കളങ്കന്. പേരു ഞാന് പറയില്ല ... ബിമല് പോലെ അല്ല ഇടി ഉറപ്പാണ് . ഇടി കഴിഞ്ഞേ ചോദ്യം ഉള്ളൂ... ) അവന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നത്.

ഉടന്‍ തന്നെ നമ്മള് ആസ്ഥാനം മണര്‍കാടിനടുത്തുള്ള കാവും പടിയിലേക്ക് മാറ്റി. അവന്റെ പപ്പയും അമ്മയും കാസര്‍ഗോഡ് ആണ്. വീട്ടില് ഇപ്പോള് നമുക്കു പൂര്‍ണ്ണ സ്വാതന്ത്ര്യം. അങ്ങനെ ഇത്തവണ എങ്ങനെ എങ്കിലും നമ്മള് കാമ്പസ് ഇന്റര്‍വ്യൂ എന്ന മതില് ചാടി കടക്കും എന്ന് ഓരോ 10 മിനിട്ട് കൂടുമ്പോഴും ഉറക്കെ പറഞ്ഞു കൊണ്ടും വിഷ്ണുവിനെ മനസാ ശപിച്ചു കൊണ്ടും കട്ട പഠനം തുടങ്ങി. ( ദോഷം പറയരുതല്ലോ വിഷ്ണുവിന്റെ സാധന സാമഗ്രികള്‍ വെച്ചു തന്നെ ).


പഠനം മൂത്ത് വന്നപ്പോളാണ് പതിവു പോലെ ധനേഷിനു അസുഖം കൂടിയത് ( അവന് വിശപ്പിന്റെ അസുഖമുണ്ടേ .. ഓരോ 2 മണിക്കൂര്‍ കൂടുമ്പോള്‍ എന്തേലും കഴിച്ചു കൊണ്ടേ ഇരിക്കണം.... :-)). ദൈവമേ ചതിച്ചോ ... ഇന്നു ഞായറാഴ്ച .. ഏഴാം മൈല്‍ ആരുന്നേല്‍ അവറാച്ചിയുടെ കട എങ്കിലും കണ്ടെനേം.. ഇവിടാണെങ്കില്‍ ഒരു കുപ്പി ബീഫ് അച്ചാര്‍ അല്ലാതെ പച്ചവെള്ളം പോലുമില്ലെന്നുള്ള മാടപ്രാവിന്റെ കുമ്പസാരവും കൂടിയായപ്പോള്‍ എല്ലാം പൂര്‍ത്തിയായി.


യുറേക്കാ ... യുറേക്കാ ... കോരയുടെ നിലവിളി ശബ്ദം....


"അളിയാ ഞാന്‍ വന്ന വഴിക്ക് കാവും പടിയില്‍ ഒരു ഷാപ്പ്‌ കണ്ടു വെച്ചിട്ടുണ്ട്.. അവിടെ പോയാല്‍ ഇന്നത്തെ കാര്യം ഓക്കേ ."

അല്ലെങ്കിലും കോര പണ്ടേ ഇങ്ങനെ ആണ് ഷാപ്പിന്റെ കാര്യത്തില്‍ ഒക്കെ ആള് കിറുകൃത്യം. കോട്ടയം ജില്ല ഫുള്‍ റേഞ്ച് ഉള്ള കക്ഷിയാണ്..


ഷാപ്പ്‌ എന്ന് കേട്ടതും എല്ലാവരുടെയും കെട്ട് പോയ ഉത്സാഹം പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി... ഒരാളുടെ ഒഴിച്ച്. അത് മറ്റാരുമല്ല നമ്മുടെ മാടപ്രാവ് തന്നെ.


എടാ ഷാപ്പിലൊക്കെ പോണോ ഞാന്‍ വല്ല ബ്രഡും ജാമും എങ്ങനേലും ഒപ്പിച്ചു തരാം.. ഞാന്‍ നാട്ടിലൊക്കെ ഭയങ്കര മാന്യനാണ്. ഇവിടൊക്കെ പിള്ളേരുടെ ഒക്കെ ഒരു മാതൃകാ പുരുഷന്‍ എന്ന് പറയുന്നതു തന്നെ ഞാനാ... ഇന്ത്യക്ക് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി എന്നൊക്കെ പറയുന്ന പോലാണ്‌ കാവും പടിക്ക് ഞാന്‍ . ഞാന്‍ തന്നെ ഷാപ്പില്‍ പോണോടെ?.


ഹും കോര സാറുണ്ടോ വിട്ടു കൊടുക്കുന്നു.. എടാ ഷാപ്പിലെ കപ്പ ബിരിയാണി കപ്പ ബിരിയാണി എന്ന് നീ കേട്ടിട്ടുണ്ടോ ? മോനേ കോട്ടയത്ത്‌ നിന്നും ഷാപ്പിലെ കപ്പ ബിരിയാണിയും കള്ളും കഴിക്കാത്തവന്‍ എന്ത് കോട്ടയംകാരന്‍ ആണെടാ? നീ ഒരു ജാറും പിന്നെ ഒരു പാത്രവും എടുത്തോ വേറൊന്നും അറിയേണ്ട കാര്യം ഇല്ല... സൈഡ് ഡിഷ്‌ ആയി ബീഫ് അച്ചാര്‍ ആണേല്‍ ആവശ്യത്തിനു ഇരിപ്പുണ്ടല്ലോ. അതില്‍ നമ്മുടെ മാടപ്രാവ് വീണു പോയി.. കുറെ കാലമായി അവന്‍ ഒരു കോട്ടയംകാരന്‍ ആവാന്‍ ശ്രമിക്കുന്നു. കോട്ടയംകാരന്‍ ആണെന്കിലും കാസര്‍ഗോഡ്‌ വളര്‍ന്ന അവനെ ആരും കോട്ടയം ഗ്രൂപ്പില്‍ എടുത്തിട്ടില്ല ...

ഷാപ്പ് എന്ന് പറയുന്നതു അവന്റെ വീടിന്റെ ഉദ്ദേശം ഒരു 200 മീറ്റര്‍ മാറിയാണ്, ചുറ്റിലും ബന്ധുക്കളുടെ വീടുകളും. കാസര്‍ഗോഡ്‌ വളര്‍ന്നത്‌ കൊണ്ടോ എന്തോ ഇത്രയും നല്ല ഒരു ചെറുക്കന്‍ അവരുടെ ഫാമിലീല്‍ വേറെ ഇല്ല എന്നാണ് അവരെല്ലാം ഏകസ്വരത്തില്‍ പറയുന്നതു . അവനാണ്‌ കോരയുടെ കെണിയില്‍ വീണു എന്റെയും കോരയുടെയും കൂടെ ഷാപ്പിലേക്ക് വരുന്നതു.


അങ്ങനെ ഞങ്ങള്‍ കയ്യില്‍ വലിയൊരു കറുത്ത ജാറും ( എന്ന്വച്ചാല്‍ ഒരു 50 ലിറ്റര്‍ എന്ന് വേണേല്‍ പറയാം ) നടുക്ക് മാടപ്രാവുമായി ഷാപ്പിലേക്ക്... ഷാപ്പിന്റെ അടുത്തെത്തിയപ്പോള്‍ അവന്‍ പറഞ്ഞു എടാ ഞാന്‍ അകത്തോട്ടു വരുന്നില്ല .. കുടിയന്മാര്‍ കണ്ടാല്‍ മോശമാ...


വീട്ടിലാണേല്‍ ആരും ഇല്ല എനിക്കാണേല്‍ അപ്പത്തിനു കള്ള് മേടിക്കാന്‍ പോലും ഷാപ്പില്‍ പോയി പരിചയവും ഇല്ല.


അപ്പോളാണ് ഞാന്‍ ഷാപ്പ് കാര്യമായി ശ്രദ്ധിച്ചത് . ഷാപ്പ് എന്ന് പറയുന്നതു വഴിയുടെ സൈഡില്‍ തന്നെ ആണ്. ഷാപ്പിന്റെ മുറ്റവും വഴിയും ഒന്നു തന്നെ.


എന്നാല്‍ നിന്റെ ഇഷ്ടം. നീ ഇവിടെ നിന്നോ എന്ന് പറഞ്ഞു ഞാനും കോരയും കൂടി അകത്തേയ്ക്കു കയറി.


വഴിയില്‍ നിന്ന മാടപ്രാവ് വെറുതെ ഒന്നു വലത്തേക്ക് കണ്ണോടിച്ചു അതാ അവന്റെ കൊച്ചാപ്പന്‍ വരുന്നു.


ഞങ്ങള്‍ കയറിയ പുറകെ അവനും ചാടി ഷാപ്പിന്റെ അകത്തേക്ക് . കയറിയ പോലെ തന്നെ വാതില്‍ പടിയില്‍ ഒരു സഡന്‍ ബ്രേക്ക് .... മുന്‍പിലത്തെ ബെഞ്ചില്‍ അപ്പുറത്തെ വീട്ടിലെ ബൈജു കിന്റായിട്ടു ഇരിക്കുന്നു. ദൈവമേ !! അവന്‍ പതുക്കെ ആര്‍ക്കും പിടി കൊടുക്കാതെ അവിടെ തന്നെ ഒരു നില്പ്പങ്ങു നിന്നു

.

അപ്പോളാണ് അടുത്ത ഇടിത്തീ ഷാപ്പ് മാനേജര്‍ അവനെ കണ്ടത് ... ദാ വരുന്നു കുശലാന്വേഷണം ലോഡ് കണക്കിന് .... ഷാപ്പ്‌ ഇന്റര്‍വ്യൂ ....


അയ്യോ ഇതു നമ്മുടെ കുളതുങ്കലെ ചെറുക്കനല്ലേ??? നിശബ്ദം ഒരു തലയാട്ടല്‍


എന്താ അവിടെ നിന്നു കളഞ്ഞത് ? വാ കയറി ഇരിക്ക്.. ഒന്നുമല്ലാതെ ഇടത്തോട്ടും വലത്തോട്ടും തലയുടെ ചലനം ...


ഇതൊക്കെ കൂട്ടുകാര്‍ ആയിരിക്കും അല്ലെ? ( ആത്മഗതം : അല്ല എന്റെ കാലന്മാര്‍ )

തല താഴോട്ടു.


മോനേ ഇതിലെ ഒനും കാണാറില്ലല്ലോ? ഓഹ് നിങ്ങളൊക്കെ വല്യ വല്യ സ്ഥലങ്ങളിലെ പോകാറുള്ളൂ അല്ലെ?


മോന് ഏതാ വേണ്ടത്? തെങ്ങോ പനയോ? കറി മീനോ പോത്തോ ?

കപ്പ എടുക്കട്ടെ അല്ലേല്‍ വേണ്ട മോന് കപ്പ ബിരിയാണി ആകാം.

കാമ്പസ് ഇന്റര്‍വ്യൂ നു HR മാനേജരുടെ മുന്‍പില്‍ ഒന്നും അറിയാതെ നിന്നു തലയാട്ടിയിട്ടുള്ള പരിചയം ഇവിടെയും അവനെ തുണച്ചു. മാനേജരുടെ അടുത്ത് അവനെക്കൊണ്ട്‌ പറ്റാവുന്ന രീതിയില്‍ ശബ്ദം താഴ്ത്തി " ഒരു ജാര്‍ കള്ളും പിന്നെ കപ്പ ബിരിയാണിയും പാര്‍സല്‍ " എന്നൊരു കാച്ച് കാച്ചി .

എന്നാല്‍ അയാളുടെ അടുത്ത വാചകത്തോടെ എല്ലാം കീഴ് മേല്‍ മറിഞ്ഞു. ഷാപ്പ്‌ മുഴുവന്‍ കിടുങ്ങുന്ന ശബ്ദത്തില്‍


"കറിയാച്ചോ നിങ്ങടെ മരുമോന്‍ വന്നു നില്ക്കുന്നു ... ഇളവന്‍ കൊടുക്കണോ അതോ മൂത്തത് വേണോ?"


ഡിം ദാ കിടക്കണ് ചക്ക വീണത്‌ പോലെ നമ്മുടെ മുതല് . അടുത്ത മേശയില്‍ നിന്നും കോര ഒരു കുപ്പി കള്ള് എടുത്തു അവന്റെ മുഖത്തേക്ക് ഒരു കമത്ത്. ബോധം വീണതും ഒരു കരച്ചിലിന്റെ അകമ്പടിയോടെ അവന്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി


" എനിക്കിപ്പോ അമ്മേ കാണണം എനിക്കിപ്പോ അമ്മേ കാണണം "

എന്നെ ആരേലും അമ്മെടടുത്തു കൊണ്ടു പോകോ..."


എടാ നീ എന്തിനാടാ ഇങ്ങോട്ട് വന്നത്? ഒരു അശരീരി... നോക്കുമ്പോള്‍ കറിയാച്ചന്‍ അങ്കിള്‍ നല്ല ഫോമില്‍ മുന്‍പില്‍ നില്ക്കുന്നു... ഡിം വീണ്ടും നായകന് ബോധക്ഷയം.

ഇത്തവണ അങ്കിള്‍ തന്നെ കമത്തി നല്ല ഒരു കുപ്പി പന അവന്റെ മുഖത്തേക്ക്..
അങ്ങനെ ആദ്യമായി ആ നിഷ്കളങ്കന്‍ കള്ളിന്റെ രുചി അറിഞ്ഞു.


ബോധം വീണതും അവ്യക്തമായ സ്വരത്തില്‍ അവന്‍ അങ്കിളിനു മറുപടി കൊടുത്തു...

"അങ്കിളേ അത് പിന്നെ ഞാന്‍ ഈ കാമ്പസ് ഇന്റര്‍വ്യൂ..."

ഷാപ്പിലാനോടാ നിന്റെ കോപ്പിലെ ഇന്റര്‍വ്യൂ ...

ഇത്രയും നേരം കഥയൊന്നും അറിയാതെ അവന്റെ ചുറ്റും കൂടി നിന്ന കുടിയന്മാര്‍ക്ക് അങ്ങനെ പുതിയ ഒരു പേരു കിട്ടി... " കാമ്പസ് ഇന്റര്‍വ്യൂ."...

അവരുടെ വിചാരം ഒറ്റ ഗ്ലാസില്‍ അവന്‍ തല കുത്തിയതാണ് എന്നായിരുന്നു...

അതോടെ കാവും പടി ഷാപ്പില്‍ പുതിയ ഒരു ബ്രാന്‍ഡ് നാമം കൂടി ഉണ്ടായി...
കാമ്പസ് ഇന്റര്‍വ്യൂ : - "അടിച്ചാല്‍ ഒറ്റ ഗ്ലാസില്‍ തല കുത്തുന്ന ഐറ്റം ".

( അവിടെ നിന്നും ഫോണ്‍ ചെയ്തു " അമ്മേ ഞാന്‍ ഷാപ്പ് വരെ ഒന്നു വന്നു .ചുമ്മാ കള്ളിന്റെ വില ഒന്നു ചോദിക്കാന്‍ " എന്ന് പറഞ്ഞതിന് ശേഷമാണു അവന് ശരിയായി ബോധം വീണത്‌. എന്നത് മറ്റൊരു കാര്യം)


കുടിയന്മാരേ പേടിച്ചു ഷാപ്പില്‍ കയറാതെ നിന്ന അവന്റെ കഥ ഒരു മണിക്കൂര്‍ കൊണ്ടു കാവും പടി അല്ല മണര്‍കാട് പഞ്ചായത്ത് മുഴുവനും റേഡിയോ മാങ്ഗോ ആയി... അതായതു നാട്ടിലെങ്ങും പാട്ടായി..

പിന്നെ നാട്ടിലെ കുട്ടികള്‍ മുതല്‍ അമ്മൂമ്മ മാര്‍ വരെ അവനെ കാണുമ്പോള്‍ ചോദിക്കും മോനേ ഇപ്പോള്‍ കാമ്പസ് ഇന്റര്‍വ്യൂ ഒക്കെ ഉണ്ടോ?????


(അങ്ങനെ ഷാപ്പ് മാനേജരുടെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തതിന്റെ ഒരു എക്സ്പീരിയന്‍സ് കൊണ്ടാണോ അതോ കപ്പ ബിരിയാണിയുടെ ശക്തിയോ , ഇതിലേതെന്നറിയില്ല.. ഞങ്ങള്‍ എല്ലാം കാമ്പസ് ഇന്റര്‍വ്യൂ ചാടിക്കടന്നു IT കൂലികളായി കള്ള് അല്ല കഞ്ഞി കുടിച്ചു പോകുന്നു..! )

Saturday, February 14, 2009

വാട്ട് ഈസ് മാനേജ്മെന്റ്??

3 വര്‍ഷത്തെ കോട്ടയം ഗവേര്‍മെന്റ്റ് പോളി ടെക്നിക് കോളേജ് പഠന (ആഴ്ചയില്‍ 3ദിവസവും സമരം മൂലം ക്ലാസ്സ് ഇല്ലാതെ മുച്ചീട്ടു കളിക്കുകയും കോട്ടയം പട്ടണത്തിലെ 5 A തിയറ്റര്‍കളും , തെറ്റിദ്ധരിക്കരുത് എല്ലാത്തിന്റെയും പേരു A യിലാണ് തുടങ്ങുന്നത് , എല്ലാ റിലീസ് ദിവസങ്ങളിലും സന്ദര്‍ശിക്കുകയും ചെയ്യുന്നവന്മാര്‍ക്ക് എന്ത് പഠിത്തം..??) കാലത്തിനു ശേഷം ഇക്കാലത്ത് വെറും ഇലക്ട്രോണിക്സ് ഡിപ്ലോമ കൊണ്ടു കാര്യം ഒന്നും ഇല്ല എന്നുറക്കെ ആഹ്വാനം ചെയ്തു കൊണ്ടു ഞാന്‍ ഒരു തീരുമാനം എടുത്തു. ഞാന്‍ എടുത്തു എന്ന് പറയുന്നതിനേക്കാള്‍ അത് എന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരിയുടെ നിര്‍ബന്ധം കൂടി ആയിരുന്നു. ( ഇവിടെയും തെറ്റിദ്ധരിക്കരുത് കൂട്ടുകാരി എന്ന്വച്ചാല്‍ കൂട്ടുകാരി മാത്രം ഓക്കേ..)

അവള്‍ പഠിച്ച പോളി ടെക്നിക് കോളേജിന് അടുത്ത് AMIE എന്ന വായില്‍ കൊള്ളില്ലാത്ത എന്തോ ഒരു വലിയ പേരു ഉള്ള ഒരു കോഴ്സ് ഉണ്ടത്രേ. അത് ഭയങ്കര ഒരു സംഭവം ആണെന്നും അത് പഠിച്ചു കഴിഞ്ഞാല്‍ നമ്മള്‍ വെറും ഡിപ്ലോമക്കാര്‍ ബി.ടെക്ക് കാര്‍ക്ക് തുല്യരാകുമെന്നും പിന്നെ നമ്മളും ഭയങ്കര കിടിലങ്ങള്‍ ആകും എന്നൊക്കെ ആണ് അവള്‍ തട്ടി വിട്ടത്. പിന്നെ ഇടയ്ക്കിടയ്ക്ക് എന്നെ വിളിച്ചു " എടാ ഈ ഞാന്‍ പോലും അതും പഠിക്കാന്‍ പോകുവാ അപ്പൊ പിന്നെ ഇലക്ട്രോണിക്സ് ലെ ഭയങ്കര പുലിയായ ( രോമാഞ്ചം) നീ ഇതു പഠിച്ചില്ലെങ്കില്‍ മഹാ കഷ്ടം " എന്നൊക്കെ ഉള്ള ഓരോരോ തമാശകളും തട്ടാന്‍ തുടങ്ങി. വെറും 30000 രൂപ മാത്രമേ 3 വര്‍ഷത്തേക്ക് ഫീസിനത്തില്‍ വേണ്ടൂ.... സ്വാശ്രയ കോളേജില്‍ പോയി പഠിക്കുന്ന കുട്ടികളുടെ അവസ്ഥ നീ ഒന്നു നോക്കിക്കേ ??? അടുത്തതായി അവിടെ പഠിച്ചിറങ്ങിയ കുറെ മഹാന്മാരുടെയും മഹതികളുടെയും ഇപ്പോളത്തെ സൌഭഗ്യാങ്ങളെ കുറിച്ചുള്ള കുറെ വര്‍ണനകളും. എന്തിനേറെ പറയാന്‍ അന്നത്തെ കാലത്ത് ഈ ലാറ്റെരല്‍ എന്‍ട്രി ( എന്ന്വച്ചാല്‍ പാകിസ്ഥാന്‍കാര്‍ കാശ്മീര്‍ ഞങ്ങളുടെ ആണ് .. ഞങ്ങള്‍ക്കും ഒരു ഷെയര്‍ തരണം എന്നൊക്കെ പറഞ്ഞു ഇന്ത്യയിലോട്ടു നുഴഞ്ഞു കയറില്ലേ ?? അതുപോലെ ഈ ഡിപ്ലൊമക്കാരു എഞ്ചിനീയറിംഗ് കോളേജില്‍ ചാടിക്കയറുന്ന പരിപാടി ) വന്നിട്ടില്ല ... നമ്മളും മനുഷ്യരല്ലേ വീണിതല്ലോ കിടക്കുന്നു ധരണിയില്‍...

അങ്ങനെ AMIE പഠിച്ചേക്കാം എന്ന് വിചാരിച്ചപ്പോളാണ് ദെ കിടക്കണ് അടുത്ത പാര അപ്പന്റെ രൂപത്തില്‍ . മോനേ നീ വല്ല ജോലിക്കും പോയി 10 കാശും സമ്പാദിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. ഇതിപ്പോ പ്രായം പതിരുപതിരണ്ടായില്ലേ
ഞാന്‍ 16 മത്തെ വയസില്‍ സ്വന്തമായി വീട് വെച്ചവനാണ് ( അത് കൂടി ചേര്‍ത്ത് അപ്പോള്‍ ഞാന്‍ ഏകദേശം ഒരു 2002 മത്തെ തവണ യാണ് അപ്പന്റെ ഈ വേദവാക്യം കേള്‍ക്കുന്നത് ....) ഇനിയും കൂലിപ്പണി എടുത്തു നിന്നെ പഠിപ്പിക്കാനുള്ള ഒരു ആരോഗ്യമൊന്നും എനിക്കില്ല. മൂത്തോര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും എന്നാണല്ലോ... ഹും ഞാന്‍ നമ്മുടെ രാഷ്ട്രപിതാവിനെ മനസ്സില്‍ ധ്യാനിച്ച് കൊണ്ടു ചില സമരപരിപാടികളിലൂടെ അപ്പനെയും വീഴ്ത്തി.

അങ്ങനെ അപ്പനെക്കൊണ്ട്‌ ലോണ്‍ എടുത്ത കാശുമായി ഞാന്‍ വിശ്വേശ്വരയ്യ എന്ന പേരിലുള്ള മറ്റക്കര എന്ന അതിമനോഹര ഗ്രാമത്തിലെ AMIE കോളേജിലെ ഒരു വിദ്യാര്‍ഥിയായി ( ടോം സാറിന്റെ തടവറയിലെ മറ്റൊരംഗം ?) മാറി.

അവിടെ ചെന്നപ്പോളല്ലേ അറിയുന്നത് അവിടം ഒരു തടവറ ആണെന്നും , ഈ പോളി ടെക്നിക് പഠിച്ചു പിഴയായി നടക്കുന്നവരെ നന്നാക്കുന്ന ഒരു ദുര്‍ഗുണ പരിഹാര പാഠശാല ആണ് അതെന്നും കൂടാതെ അവിടെ പഠിക്കണമെങ്കില്‍ കോളേജ് വക ഹോസ്റലില്‍ തന്നെ താമസിക്കണമെന്നും . അവിടുത്തെ പ്രിന്‍സിപ്പല്‍ കം വാര്‍ഡന്‍ ആയ ടോം സര്‍ അല്‍പ്പം പിശകാണെന്ന് ( അല്‍പ്പം എന്ന് പറഞ്ഞാല്‍ നമ്മുടെ മകന്റെ അച്ഛന്‍ എന്ന സിനിമയിലെ തിലകന്‍ ഇങ്ങേരുടെ അടുത്ത് എത്ര നിസാരം ) ചെന്നപ്പോഴേ ഞാന്‍ മനസിലാക്കി ( ചാര പ്രവര്‍ത്തനത്തില്‍ ഞാന്‍ പണ്ടേ മിടുക്കനാ).ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന് പറഞ്ഞ മനുവിനെ മനസ്സില്‍ ഓര്‍ത്ത് കൊണ്ടു ഞാന്‍ പുരുഷന്മാര്‍ക്ക് രക്ഷപെടാന്‍ വല്ല വഴിയും ഉണ്ടോ എന്ന് നോക്കി. അവസാനം രണ്ടും കല്‍പ്പിച്ചു ഒരടവ് അങ്ങ് എടുത്തു അതില്‍ അങ്ങേരു വീണു. ( അത് ഞാന്‍ പിന്നീട് വിശദീകരിക്കാം )ഹും നാട്ടകം പോളിയെ കിടുകിടാ വിറപ്പിച്ച നമ്മുടെ അടുത്ത അങ്ങേരുടെ കളി.

അവിടെ മൂന്നേ 3 പേരെ വീട്ടില്‍ പോയി വരുന്നവര്‍ ഉണ്ടായിരുന്നുള്ളു .
1. ഈ ഞാന്‍
2. എന്റെ കൂട്ടുകാരി ( അവള്‍ക്കുള്ളത്‌ ഞാന്‍ വെച്ചിട്ടുണ്ട് ..)
3. ബിമല്‍ ( 2002 ല പരിചയപ്പെട്ട ശേഷം എന്റെ സഹപാഠിയും ഇപ്പോള്‍ എന്റെ സഹ മുറിയനും സഹ ജോലിക്കാരനുമായ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ).

ഞാന്‍ പഠിച്ചു വെല്യ ആളായിക്കൊള്ളട്ടെ എന്നായിരിക്കും അവളുടെ ആഗ്രഹം എന്ന് വിചാരിച്ച ഞാന്‍ എന്തൊരു മണ്ടന്‍ . പണ്ടു ഒന്നാം ക്ലാസ്സില്‍ വെച്ചോ മറ്റോ അവളുടെ കല്ല്‌ പെന്‍സില്‍ ഞാന്‍ തല്ലിപ്പൊട്ടിച്ചിട്ടുന്ടത്രെ... പോരാഞ്ഞിട്ട്‌ രണ്ടാം ക്ലാസ്സില്‍ വെച്ചു അവളോട്‌ ഇഷ്ടമുണ്ടായിരുന്ന അപ്പുവിനെ ഞാന്‍ പിച്ചിയിട്ടുണ്ട് പോലും !. പിന്നെ നമ്മുടെ ടോം സാറും ആയിട്ടുള്ള യുദ്ധത്തിന് അവള്ക്ക് ഒരു കയ്യ് സഹായവും..

നമുക്കു ആരുണ്ട്‌ ഒരു സഹായം എന്ന് നോക്കിയപ്പോളാണ് നമ്മുടെ താരം ബിമലിന്റെ ഉദയം. വന്നു കയറിയപ്പോളെ അവന്‍ ജയില്പുള്ളികളെ ഒക്കെ ഞെട്ടിച്ചു. കപ്പടാ മീശയും പ്രായം 22 ഉള്ളെങ്കിലും ഒരു 30 ന്റെ ലുക്കും , എക്സ്ട്രാ ബാസ് വോയിസും പിന്നെ അവന്റെ ഒരു കാലിബറും( എന്ന്വച്ചാല്‍ ബജാജ് കാലിബര്‍ 115 cc). പിന്നെ ആള് ഇത്രയും കാലം മലപ്പുറത്ത്‌ ആയിരുന്നു. നാട് പാലാ ആണെങ്കിലും റബ്ബര്‍ പാല്‍ കണ്ടിട്ട് "ഈ പാല്‍ കൊണ്ടാണോ ഇവിടെ ചായ ഉണ്ടാക്കുന്നേ? " എന്ന് ചോദിച്ച മഹാന്‍ ! അളിയന്‍ മലപ്പുറം MSP ( മദ്രാസ് സ്പെഷ്യല്‍ പൊലീസ് ) ജയിലിലാണ് സോറി സ്കൂളിലാണ് പഠിച്ചത് . ഇവിടുത്തെ ജയില്‍ ഒക്കെ ഒരു ജയില്‍ ഒക്കെ ഒരു ജയില്‍ ആണോ അത് കാണണേല്‍ നീയൊക്കെ MSP ഇല്‍ പഠിക്കണം എന്ന് പറഞ്ഞു വന്നവന്‍ .

പക്ഷെ ഇതൊക്കെ ആണെങ്കിലും അവന്‍ ആള് പുലിയാണ് . ഇലക്ട്രോണിക്സ് എന്ന് വെച്ചാല്‍ അവന് ജീവനാണ് തേങ്ങയാണ് മാങ്ങയാണ്‌ എന്തിനേറെ ബിമലും ഇലക്ട്രോണിക്സ് ഉം എന്നാല്‍ ഉമ്മന്‍ചാണ്ടിയും കീറിയ ഖദര്‍ ഷര്‍ട്ടും പോലാണ്. എന്തിനേറെ പറയുന്നു അങ്ങനെ മറ്റക്കര ജെയിലില്‍ വെച്ചു പരിചയപ്പെട്ട ഞങ്ങള്‍ 2003 ഇല്‍ കേരള സര്‍ക്കാര്‍ നിയന്ത്രണ രേഖയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യപിച്ചതിന്‍ ഫലമായി നുഴഞ്ഞു കയറ്റം വഴി ( നമ്മുടെ പഴേ ലാറ്റെരല്‍ എന്‍ട്രി ) പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ടെക്നോളജി അഥവാ ഗവന്‍മെന്റ് എഞ്ചിനീയറിംഗ് കോളജില്‍ ഇലക്ട്രോണിക്സ് ബാച്ചില് കയറിപറ്റി .

ഒന്നു രണ്ടു സെമസ്റര്‍ അങ്ങനെ തട്ടി മുട്ടി കഴിഞ്ഞു പോയീ. എല്ലാ വിഷയത്തിന്റെയും അറ്റവും മുറിയുമൊക്കെ നമ്മള്‍ ഡിപ്ലോമക്കെ പഠിച്ചിട്ടുണ്ട് . പിന്നെ അത്യാവശ്യം ബ്ലോക്ക് ഡയഗ്രം വരക്കാനും അറിയാം. ഇലക്ട്രോണിക്സ് പഠിക്കുന്നവര്‍ അത്യാവശ്യം അറിയേണ്ട ഒന്നാണ് ഈ ബ്ലോക്ക് ഡയഗ്രം വര . എന്ത് ചോദ്യം വന്നാലും ഉടനെ ഒരു 5-6 ചതുരപെട്ടി അങ്ങ് വരച്ചേയ്ക്കണം ( വലിപ്പം അഡ്ജസ്റ്റ് ചെയ്തു വരയ്ക്കാന്‍ പ്രത്യേക പരിശീലനം വേണം) എന്നിട്ട് അതിന്റെ ഒക്കെ അകത്തു അറിയാവുന്ന 3-4 സാധനങ്ങളുടെ പേരും അങ്ങ് എഴുതിയെക്കണം . കഴിഞ്ഞു മാര്‍ക്ക് 3 ആണ് പേപ്പറില്‍ കിടക്കുന്നത്. ഇനി പേരു ഒന്നും ഓര്‍മ ഇല്ലെങ്കിലും കുഴപ്പമില്ല ആര്ക്കും വായിക്കാന്‍ പറ്റാത്ത പോലെ എന്തേലും അങ്ങട്ട് ചാംബുക ... അത്ര തന്നെ.

ഇക്കാര്യത്തില്‍ ബിമലിനെ കടത്തി വെട്ടാന്‍ പറ്റുന്നവര്‍ ( ഞാന്‍ ഒഴിച്ചാല്‍ ) ഞങ്ങളുടെ കോളേജില്‍ എന്തിന് ഈ കേരളത്തില്‍ പോലും കാണും എന്ന് തോന്നുന്നില്ല .അങ്ങനെ ഇരിക്കുമ്പോഴാണ് ഈ ഡിപ്ലോമക്കര്‍ക്കാകെ നിരാശയും ദുഖവും സമ്മാനിച്ച് കൊണ്ടു അവന്‍ ഞങ്ങളുടെ നെഞ്ചിലേക്ക് ക്രാഷ് ലാന്‍ഡ്‌ ചെയ്തത് ( എയര്‍ ബസ്സ് A 320 ഹഡ്സണ്‍ നദിയിലേക്ക് ചാടിയ പോലെ ). ആരാണ് ഈ അവന്‍ എന്നല്ലേ? അവനാണ്‌ റിലയബിലിട്ടി ആന്‍ഡ് മാനേജ്മെന്റ് എന്ന ഒരു വിഷയം. അത് പഠിപ്പിക്കാന്‍ നമ്മുടെ ശത്രു ഡിപ്പാര്ട്ട്മെന്റ ആയ മെക്കാനിക്കലിൽ നിന്നും ഒരു അധ്യാപകനും .

അങ്ങേര്‍ വന്നു എന്തൊക്കെയോ പറയുന്നു പോകുന്നു. ബ്ലോക്ക് ഡയഗ്രം ഇല്ലാത്തതിനാല്‍ നമ്മള്‍ അത്ര മൈന്‍ഡ് ചെയ്യാന്‍ പോയില്ല. ഹും നമ്മള്‍ എത്ര പേപ്പര്‍ കണ്ടിരിക്കുന്നു . ബ്ലോക്ക് ഡയഗ്രം ഇല്ലാത്ത ഒരു പേപ്പര്‍ . മാനേജ്മെന്റ് ആണത്രെ മാനേജ്മെന്റ് . അങ്ങനെ ആദ്യ സീരീസ് എക്സാം വന്നു ( എഞ്ചിനീയറിംഗ് പഠിക്കാത്തവര്‍ക്ക് : ഈ സീരീസ് എക്സാം എന്ന്വച്ചാല്‍ ഇന്ത്യ - ഓസ്ട്രേലിയ ക്രിക്കറ്റ് സീരീസ് പോലെ ഒരു സാധനം!ഇന്ത്യ അങോട്ടു പോകുന്നു ഓസ്ട്രേലിയ ഇങോട്ടു വരുന്നു എന്ന പോലെ ഓരോ സെമെസ്റെരിലും രണ്ടെണ്ണം വെച്ചുണ്ടാവും. ഇന്റെര്‍ണല്‍ മാര്‍ക്ക് എന്ന പേരില്‍ നമ്മളെ പേടിപ്പിക്കാന്‍ കിട്ടുന്ന അവസരം മുതലാക്കാന്‍ അധ്യാപകര്‍ക്ക് ദൈവം കൊടുത്ത വരം ).

ഈ സീരീസ് എക്സാം കഴിഞ്ഞു പേപ്പര്‍ എല്ലാം കിട്ടിത്തുടങ്ങി . അങ്ങനെ നമ്മള്‍ കാത്തിരുന്ന ആ അസുലഭ നിമിഷം എത്തി. എല്ലാവര്ക്കും പേപ്പര്‍ കിട്ടി എനിക്കും കിട്ടി ഒരു കഷണം പേപ്പര്‍. മാര്‍ക്ക് ഒരു കയ്യിലെ വിരല്‍ കൊണ്ടു എന്നിതീര്‍ക്കാന്‍ പറ്റുന്ന വിധം. എന്നാല്‍ ബിമലിനു മാത്രം പേപ്പര്‍ കിട്ടി ഇല്ല . അവസാനം ബിമല്‍ എഴുന്നേറ്റു . സര്‍ എന്റെ പേപ്പര്‍ കിട്ടി ഇല്ല. ഓഹോ താനാണോ ആ മഹാന്‍ " ഫാദര്‍ ഓഫ് മോഡേണ്‍ മാനേജ്മെന്റ് ?" ഫാദര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്സ് മാനേജ്മെന്റ് ? ഫാദര്‍ ഓഫ് ബ്ലോക്ക് ഡയഗ്രം മാനേജ്മെന്റ്? ക്ലാസ്സ് ആകെ നിശബ്ദം . ആര്ക്കും ഒന്നും മനസിലായില്ല . വിഷ്ണു എന്നോട് ചെവിയില്‍ ഇങ്ങനെ ചോദിച്ചു " എടാ fedrick taylor ഓര്‍ Peter F. Drucker ഓ അല്ലെ ഈ ഫാദര്‍ ഓഫ് മോഡേണ്‍ മാനേജ്മെന്റ് ?
ഇനി ഇവന്റെ വല്ലോരും ആണോ അങ്ങേരു? ഞാന്‍ അതെ എന്ന് സമ്മതിച്ചു .( ഉത്തരം അറിയാവുന്നതു കൊണ്ടല്ല , അറിയാവുന്നവര്‍ പറയുമ്പോള്‍ ശെരി വെക്കുന്നതില്‍ തെറ്റില്ലല്ലോ?). അടുത്തതായി സര്‍ ചോദിച്ചത് വെറും 2 മാര്‍ക്കിന്റെ ഒരു ചോദ്യമായിരുന്നു.

വാട്ട് ഈസ് മാനേജ്മെന്റ്??

ചോദ്യം തീര്‍ന്നില്ല അതിന് മുന്നേ ഫ്രണ്ട് റോയില്‍ നിന്നും നിധിന്‍ ചെറിയാന്‍ ചാടി എഴുന്നേറ്റു .. സര്‍

Management is both art and science. It is the art of making people more effective than they would have been without you. The science is in how you do that. There are four basic pillars: plan, organize, direct, and monitor.

പിന്നെയും അവന്‍ ഒന്നു രണ്ടു വാചകങ്ങള്‍ കൂടി പറഞ്ഞു ഇരുന്നു . തീര്ന്നു രണ്ടു മാര്‍ക്കിനു ഇത്രയും മതി.

ഇനി നമുക്കു ബിമലിന്റെ ഉത്തരം നോക്കാം.

രണ്ടു പുറംത്തില്‍ കവിയാതെ ഉപന്യസിക്കുക എന്നുള്ളതിന് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ രണ്ടാമത്തെ പേജിന്റെ വക്കില്‍ എഴുതി നിര്‍ത്തുന്നത് പോലെ ഒരു 2 പേപ്പറില്‍ ഒതുങിക്കിടക്കുന്ന ഒരു ഉത്തരം. കൂടെ ഒരു പത്തിരുപതു ബ്ലോക്ക് ഡയഗ്രം. അങ്ങേര്‍ ഉത്തരം വായിക്കാന്‍ തുടങ്ങി.

Management is both art and science. "ഓക്കേ കുഴപ്പമില്ലല്ലോ ഇവനാള് പുലി തന്നെ
മാനേജ്മെന്റ് വരെ പഠിച്ചു കളഞ്ഞു. " എന്നൊക്കെ പറയാന്‍ തുടങ്ങുമ്പോഴാണ് അടുത്ത ഭാഗം

ഇനി ഒരു അടിവര പിന്നെ ഒരു 3 ബ്ലോക്കും . നടുക്ക് മാനേജ്മെന്റ്, ഇടത്തും വലതും ആര്‍ട്ടും സയന്‍സും . നടുവിലെ ബ്ലോക്ക് അല്പം വലുത് , ഇടത്തും വലതും ഒരു പോലെ.( അതാണല്ലോ അതിന്റെ ഒരു ഇതു.. ഏത്? )

അടുത്ത ലൈനില്‍ ART എന്നെഴുതി ഒരു അടിവര

പിന്നെ കുറെ ബ്ലോക്കുകള്‍ ...

പിന്നെ നോക്കിയപ്പോളല്ലേ മനസിലായെ ബ്ലോക്കുകള്‍ നിറച്ചും കോട്ടയത്തെയും മലപ്പുറത്തെയും ആര്‍ട്സ് കോളേജ്കളുടെ പേരും കോഴ്സ്കളുടെ പേരും ആണെന്ന്.

അത് പോലെ തന്നെ സയന്‍സ് ബ്ലോക്കിനെയും അടിവരയിട്ടു ഒരു 10 ബ്ലോക്കില്‍ കെമിസ്ട്രി , ബോട്ടണി, ഫിസിക്സ് ഡിപ്പാര്ട്ട്മെന്റിനെ കഥകളും.

കൂടുതല്‍ വായിച്ചാല്‍ ആകെ ഉള്ള സീറ്റുകളുടെ എണ്ണവും കൂടി നമുക്കു കിട്ടും. ഇതെങ്ങാനും ഒരു 10 മാര്‍ക്കിനു ചോദിച്ചാല്‍ ഇവന്‍ ആ കോളേജിലെ മുഴുവന്‍ പെണ്പിള്ളാരുടെയും പേരും അഡ്രസ്സും കൂടി എഴുതിയെനേം.

അങ്ങനെ ബിമല്‍ ഞങ്ങളുടെ ഫാദര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് മാനേജ്മെന്റ് ആയി മാറി .
കൂടാതെ ഫാദര്‍ ഓഫ് ബ്ലോക്ക് ഡയഗ്രം മാനേജ്മെന്റ്ഉം

അതോടു കൂടി എന്റെ സഹപാഠികളുടെ MBA മോഹവും മാറിക്കിട്ടി.

ഇപ്പൊ എവിടെ വാട്ട് ഈസ് മാനേജ്മെന്റ്?? എന്ന് കേട്ടാലും ഞാന്‍ പറയും

Management is An ART of making Scientific BLOCK DIAGRAM !