Saturday, February 14, 2009

വാട്ട് ഈസ് മാനേജ്മെന്റ്??

3 വര്‍ഷത്തെ കോട്ടയം ഗവേര്‍മെന്റ്റ് പോളി ടെക്നിക് കോളേജ് പഠന (ആഴ്ചയില്‍ 3ദിവസവും സമരം മൂലം ക്ലാസ്സ് ഇല്ലാതെ മുച്ചീട്ടു കളിക്കുകയും കോട്ടയം പട്ടണത്തിലെ 5 A തിയറ്റര്‍കളും , തെറ്റിദ്ധരിക്കരുത് എല്ലാത്തിന്റെയും പേരു A യിലാണ് തുടങ്ങുന്നത് , എല്ലാ റിലീസ് ദിവസങ്ങളിലും സന്ദര്‍ശിക്കുകയും ചെയ്യുന്നവന്മാര്‍ക്ക് എന്ത് പഠിത്തം..??) കാലത്തിനു ശേഷം ഇക്കാലത്ത് വെറും ഇലക്ട്രോണിക്സ് ഡിപ്ലോമ കൊണ്ടു കാര്യം ഒന്നും ഇല്ല എന്നുറക്കെ ആഹ്വാനം ചെയ്തു കൊണ്ടു ഞാന്‍ ഒരു തീരുമാനം എടുത്തു. ഞാന്‍ എടുത്തു എന്ന് പറയുന്നതിനേക്കാള്‍ അത് എന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരിയുടെ നിര്‍ബന്ധം കൂടി ആയിരുന്നു. ( ഇവിടെയും തെറ്റിദ്ധരിക്കരുത് കൂട്ടുകാരി എന്ന്വച്ചാല്‍ കൂട്ടുകാരി മാത്രം ഓക്കേ..)

അവള്‍ പഠിച്ച പോളി ടെക്നിക് കോളേജിന് അടുത്ത് AMIE എന്ന വായില്‍ കൊള്ളില്ലാത്ത എന്തോ ഒരു വലിയ പേരു ഉള്ള ഒരു കോഴ്സ് ഉണ്ടത്രേ. അത് ഭയങ്കര ഒരു സംഭവം ആണെന്നും അത് പഠിച്ചു കഴിഞ്ഞാല്‍ നമ്മള്‍ വെറും ഡിപ്ലോമക്കാര്‍ ബി.ടെക്ക് കാര്‍ക്ക് തുല്യരാകുമെന്നും പിന്നെ നമ്മളും ഭയങ്കര കിടിലങ്ങള്‍ ആകും എന്നൊക്കെ ആണ് അവള്‍ തട്ടി വിട്ടത്. പിന്നെ ഇടയ്ക്കിടയ്ക്ക് എന്നെ വിളിച്ചു " എടാ ഈ ഞാന്‍ പോലും അതും പഠിക്കാന്‍ പോകുവാ അപ്പൊ പിന്നെ ഇലക്ട്രോണിക്സ് ലെ ഭയങ്കര പുലിയായ ( രോമാഞ്ചം) നീ ഇതു പഠിച്ചില്ലെങ്കില്‍ മഹാ കഷ്ടം " എന്നൊക്കെ ഉള്ള ഓരോരോ തമാശകളും തട്ടാന്‍ തുടങ്ങി. വെറും 30000 രൂപ മാത്രമേ 3 വര്‍ഷത്തേക്ക് ഫീസിനത്തില്‍ വേണ്ടൂ.... സ്വാശ്രയ കോളേജില്‍ പോയി പഠിക്കുന്ന കുട്ടികളുടെ അവസ്ഥ നീ ഒന്നു നോക്കിക്കേ ??? അടുത്തതായി അവിടെ പഠിച്ചിറങ്ങിയ കുറെ മഹാന്മാരുടെയും മഹതികളുടെയും ഇപ്പോളത്തെ സൌഭഗ്യാങ്ങളെ കുറിച്ചുള്ള കുറെ വര്‍ണനകളും. എന്തിനേറെ പറയാന്‍ അന്നത്തെ കാലത്ത് ഈ ലാറ്റെരല്‍ എന്‍ട്രി ( എന്ന്വച്ചാല്‍ പാകിസ്ഥാന്‍കാര്‍ കാശ്മീര്‍ ഞങ്ങളുടെ ആണ് .. ഞങ്ങള്‍ക്കും ഒരു ഷെയര്‍ തരണം എന്നൊക്കെ പറഞ്ഞു ഇന്ത്യയിലോട്ടു നുഴഞ്ഞു കയറില്ലേ ?? അതുപോലെ ഈ ഡിപ്ലൊമക്കാരു എഞ്ചിനീയറിംഗ് കോളേജില്‍ ചാടിക്കയറുന്ന പരിപാടി ) വന്നിട്ടില്ല ... നമ്മളും മനുഷ്യരല്ലേ വീണിതല്ലോ കിടക്കുന്നു ധരണിയില്‍...

അങ്ങനെ AMIE പഠിച്ചേക്കാം എന്ന് വിചാരിച്ചപ്പോളാണ് ദെ കിടക്കണ് അടുത്ത പാര അപ്പന്റെ രൂപത്തില്‍ . മോനേ നീ വല്ല ജോലിക്കും പോയി 10 കാശും സമ്പാദിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. ഇതിപ്പോ പ്രായം പതിരുപതിരണ്ടായില്ലേ
ഞാന്‍ 16 മത്തെ വയസില്‍ സ്വന്തമായി വീട് വെച്ചവനാണ് ( അത് കൂടി ചേര്‍ത്ത് അപ്പോള്‍ ഞാന്‍ ഏകദേശം ഒരു 2002 മത്തെ തവണ യാണ് അപ്പന്റെ ഈ വേദവാക്യം കേള്‍ക്കുന്നത് ....) ഇനിയും കൂലിപ്പണി എടുത്തു നിന്നെ പഠിപ്പിക്കാനുള്ള ഒരു ആരോഗ്യമൊന്നും എനിക്കില്ല. മൂത്തോര്‍ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും എന്നാണല്ലോ... ഹും ഞാന്‍ നമ്മുടെ രാഷ്ട്രപിതാവിനെ മനസ്സില്‍ ധ്യാനിച്ച് കൊണ്ടു ചില സമരപരിപാടികളിലൂടെ അപ്പനെയും വീഴ്ത്തി.

അങ്ങനെ അപ്പനെക്കൊണ്ട്‌ ലോണ്‍ എടുത്ത കാശുമായി ഞാന്‍ വിശ്വേശ്വരയ്യ എന്ന പേരിലുള്ള മറ്റക്കര എന്ന അതിമനോഹര ഗ്രാമത്തിലെ AMIE കോളേജിലെ ഒരു വിദ്യാര്‍ഥിയായി ( ടോം സാറിന്റെ തടവറയിലെ മറ്റൊരംഗം ?) മാറി.

അവിടെ ചെന്നപ്പോളല്ലേ അറിയുന്നത് അവിടം ഒരു തടവറ ആണെന്നും , ഈ പോളി ടെക്നിക് പഠിച്ചു പിഴയായി നടക്കുന്നവരെ നന്നാക്കുന്ന ഒരു ദുര്‍ഗുണ പരിഹാര പാഠശാല ആണ് അതെന്നും കൂടാതെ അവിടെ പഠിക്കണമെങ്കില്‍ കോളേജ് വക ഹോസ്റലില്‍ തന്നെ താമസിക്കണമെന്നും . അവിടുത്തെ പ്രിന്‍സിപ്പല്‍ കം വാര്‍ഡന്‍ ആയ ടോം സര്‍ അല്‍പ്പം പിശകാണെന്ന് ( അല്‍പ്പം എന്ന് പറഞ്ഞാല്‍ നമ്മുടെ മകന്റെ അച്ഛന്‍ എന്ന സിനിമയിലെ തിലകന്‍ ഇങ്ങേരുടെ അടുത്ത് എത്ര നിസാരം ) ചെന്നപ്പോഴേ ഞാന്‍ മനസിലാക്കി ( ചാര പ്രവര്‍ത്തനത്തില്‍ ഞാന്‍ പണ്ടേ മിടുക്കനാ).ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന് പറഞ്ഞ മനുവിനെ മനസ്സില്‍ ഓര്‍ത്ത് കൊണ്ടു ഞാന്‍ പുരുഷന്മാര്‍ക്ക് രക്ഷപെടാന്‍ വല്ല വഴിയും ഉണ്ടോ എന്ന് നോക്കി. അവസാനം രണ്ടും കല്‍പ്പിച്ചു ഒരടവ് അങ്ങ് എടുത്തു അതില്‍ അങ്ങേരു വീണു. ( അത് ഞാന്‍ പിന്നീട് വിശദീകരിക്കാം )ഹും നാട്ടകം പോളിയെ കിടുകിടാ വിറപ്പിച്ച നമ്മുടെ അടുത്ത അങ്ങേരുടെ കളി.

അവിടെ മൂന്നേ 3 പേരെ വീട്ടില്‍ പോയി വരുന്നവര്‍ ഉണ്ടായിരുന്നുള്ളു .
1. ഈ ഞാന്‍
2. എന്റെ കൂട്ടുകാരി ( അവള്‍ക്കുള്ളത്‌ ഞാന്‍ വെച്ചിട്ടുണ്ട് ..)
3. ബിമല്‍ ( 2002 ല പരിചയപ്പെട്ട ശേഷം എന്റെ സഹപാഠിയും ഇപ്പോള്‍ എന്റെ സഹ മുറിയനും സഹ ജോലിക്കാരനുമായ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ).

ഞാന്‍ പഠിച്ചു വെല്യ ആളായിക്കൊള്ളട്ടെ എന്നായിരിക്കും അവളുടെ ആഗ്രഹം എന്ന് വിചാരിച്ച ഞാന്‍ എന്തൊരു മണ്ടന്‍ . പണ്ടു ഒന്നാം ക്ലാസ്സില്‍ വെച്ചോ മറ്റോ അവളുടെ കല്ല്‌ പെന്‍സില്‍ ഞാന്‍ തല്ലിപ്പൊട്ടിച്ചിട്ടുന്ടത്രെ... പോരാഞ്ഞിട്ട്‌ രണ്ടാം ക്ലാസ്സില്‍ വെച്ചു അവളോട്‌ ഇഷ്ടമുണ്ടായിരുന്ന അപ്പുവിനെ ഞാന്‍ പിച്ചിയിട്ടുണ്ട് പോലും !. പിന്നെ നമ്മുടെ ടോം സാറും ആയിട്ടുള്ള യുദ്ധത്തിന് അവള്ക്ക് ഒരു കയ്യ് സഹായവും..

നമുക്കു ആരുണ്ട്‌ ഒരു സഹായം എന്ന് നോക്കിയപ്പോളാണ് നമ്മുടെ താരം ബിമലിന്റെ ഉദയം. വന്നു കയറിയപ്പോളെ അവന്‍ ജയില്പുള്ളികളെ ഒക്കെ ഞെട്ടിച്ചു. കപ്പടാ മീശയും പ്രായം 22 ഉള്ളെങ്കിലും ഒരു 30 ന്റെ ലുക്കും , എക്സ്ട്രാ ബാസ് വോയിസും പിന്നെ അവന്റെ ഒരു കാലിബറും( എന്ന്വച്ചാല്‍ ബജാജ് കാലിബര്‍ 115 cc). പിന്നെ ആള് ഇത്രയും കാലം മലപ്പുറത്ത്‌ ആയിരുന്നു. നാട് പാലാ ആണെങ്കിലും റബ്ബര്‍ പാല്‍ കണ്ടിട്ട് "ഈ പാല്‍ കൊണ്ടാണോ ഇവിടെ ചായ ഉണ്ടാക്കുന്നേ? " എന്ന് ചോദിച്ച മഹാന്‍ ! അളിയന്‍ മലപ്പുറം MSP ( മദ്രാസ് സ്പെഷ്യല്‍ പൊലീസ് ) ജയിലിലാണ് സോറി സ്കൂളിലാണ് പഠിച്ചത് . ഇവിടുത്തെ ജയില്‍ ഒക്കെ ഒരു ജയില്‍ ഒക്കെ ഒരു ജയില്‍ ആണോ അത് കാണണേല്‍ നീയൊക്കെ MSP ഇല്‍ പഠിക്കണം എന്ന് പറഞ്ഞു വന്നവന്‍ .

പക്ഷെ ഇതൊക്കെ ആണെങ്കിലും അവന്‍ ആള് പുലിയാണ് . ഇലക്ട്രോണിക്സ് എന്ന് വെച്ചാല്‍ അവന് ജീവനാണ് തേങ്ങയാണ് മാങ്ങയാണ്‌ എന്തിനേറെ ബിമലും ഇലക്ട്രോണിക്സ് ഉം എന്നാല്‍ ഉമ്മന്‍ചാണ്ടിയും കീറിയ ഖദര്‍ ഷര്‍ട്ടും പോലാണ്. എന്തിനേറെ പറയുന്നു അങ്ങനെ മറ്റക്കര ജെയിലില്‍ വെച്ചു പരിചയപ്പെട്ട ഞങ്ങള്‍ 2003 ഇല്‍ കേരള സര്‍ക്കാര്‍ നിയന്ത്രണ രേഖയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യപിച്ചതിന്‍ ഫലമായി നുഴഞ്ഞു കയറ്റം വഴി ( നമ്മുടെ പഴേ ലാറ്റെരല്‍ എന്‍ട്രി ) പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ടെക്നോളജി അഥവാ ഗവന്‍മെന്റ് എഞ്ചിനീയറിംഗ് കോളജില്‍ ഇലക്ട്രോണിക്സ് ബാച്ചില് കയറിപറ്റി .

ഒന്നു രണ്ടു സെമസ്റര്‍ അങ്ങനെ തട്ടി മുട്ടി കഴിഞ്ഞു പോയീ. എല്ലാ വിഷയത്തിന്റെയും അറ്റവും മുറിയുമൊക്കെ നമ്മള്‍ ഡിപ്ലോമക്കെ പഠിച്ചിട്ടുണ്ട് . പിന്നെ അത്യാവശ്യം ബ്ലോക്ക് ഡയഗ്രം വരക്കാനും അറിയാം. ഇലക്ട്രോണിക്സ് പഠിക്കുന്നവര്‍ അത്യാവശ്യം അറിയേണ്ട ഒന്നാണ് ഈ ബ്ലോക്ക് ഡയഗ്രം വര . എന്ത് ചോദ്യം വന്നാലും ഉടനെ ഒരു 5-6 ചതുരപെട്ടി അങ്ങ് വരച്ചേയ്ക്കണം ( വലിപ്പം അഡ്ജസ്റ്റ് ചെയ്തു വരയ്ക്കാന്‍ പ്രത്യേക പരിശീലനം വേണം) എന്നിട്ട് അതിന്റെ ഒക്കെ അകത്തു അറിയാവുന്ന 3-4 സാധനങ്ങളുടെ പേരും അങ്ങ് എഴുതിയെക്കണം . കഴിഞ്ഞു മാര്‍ക്ക് 3 ആണ് പേപ്പറില്‍ കിടക്കുന്നത്. ഇനി പേരു ഒന്നും ഓര്‍മ ഇല്ലെങ്കിലും കുഴപ്പമില്ല ആര്ക്കും വായിക്കാന്‍ പറ്റാത്ത പോലെ എന്തേലും അങ്ങട്ട് ചാംബുക ... അത്ര തന്നെ.

ഇക്കാര്യത്തില്‍ ബിമലിനെ കടത്തി വെട്ടാന്‍ പറ്റുന്നവര്‍ ( ഞാന്‍ ഒഴിച്ചാല്‍ ) ഞങ്ങളുടെ കോളേജില്‍ എന്തിന് ഈ കേരളത്തില്‍ പോലും കാണും എന്ന് തോന്നുന്നില്ല .അങ്ങനെ ഇരിക്കുമ്പോഴാണ് ഈ ഡിപ്ലോമക്കര്‍ക്കാകെ നിരാശയും ദുഖവും സമ്മാനിച്ച് കൊണ്ടു അവന്‍ ഞങ്ങളുടെ നെഞ്ചിലേക്ക് ക്രാഷ് ലാന്‍ഡ്‌ ചെയ്തത് ( എയര്‍ ബസ്സ് A 320 ഹഡ്സണ്‍ നദിയിലേക്ക് ചാടിയ പോലെ ). ആരാണ് ഈ അവന്‍ എന്നല്ലേ? അവനാണ്‌ റിലയബിലിട്ടി ആന്‍ഡ് മാനേജ്മെന്റ് എന്ന ഒരു വിഷയം. അത് പഠിപ്പിക്കാന്‍ നമ്മുടെ ശത്രു ഡിപ്പാര്ട്ട്മെന്റ ആയ മെക്കാനിക്കലിൽ നിന്നും ഒരു അധ്യാപകനും .

അങ്ങേര്‍ വന്നു എന്തൊക്കെയോ പറയുന്നു പോകുന്നു. ബ്ലോക്ക് ഡയഗ്രം ഇല്ലാത്തതിനാല്‍ നമ്മള്‍ അത്ര മൈന്‍ഡ് ചെയ്യാന്‍ പോയില്ല. ഹും നമ്മള്‍ എത്ര പേപ്പര്‍ കണ്ടിരിക്കുന്നു . ബ്ലോക്ക് ഡയഗ്രം ഇല്ലാത്ത ഒരു പേപ്പര്‍ . മാനേജ്മെന്റ് ആണത്രെ മാനേജ്മെന്റ് . അങ്ങനെ ആദ്യ സീരീസ് എക്സാം വന്നു ( എഞ്ചിനീയറിംഗ് പഠിക്കാത്തവര്‍ക്ക് : ഈ സീരീസ് എക്സാം എന്ന്വച്ചാല്‍ ഇന്ത്യ - ഓസ്ട്രേലിയ ക്രിക്കറ്റ് സീരീസ് പോലെ ഒരു സാധനം!ഇന്ത്യ അങോട്ടു പോകുന്നു ഓസ്ട്രേലിയ ഇങോട്ടു വരുന്നു എന്ന പോലെ ഓരോ സെമെസ്റെരിലും രണ്ടെണ്ണം വെച്ചുണ്ടാവും. ഇന്റെര്‍ണല്‍ മാര്‍ക്ക് എന്ന പേരില്‍ നമ്മളെ പേടിപ്പിക്കാന്‍ കിട്ടുന്ന അവസരം മുതലാക്കാന്‍ അധ്യാപകര്‍ക്ക് ദൈവം കൊടുത്ത വരം ).

ഈ സീരീസ് എക്സാം കഴിഞ്ഞു പേപ്പര്‍ എല്ലാം കിട്ടിത്തുടങ്ങി . അങ്ങനെ നമ്മള്‍ കാത്തിരുന്ന ആ അസുലഭ നിമിഷം എത്തി. എല്ലാവര്ക്കും പേപ്പര്‍ കിട്ടി എനിക്കും കിട്ടി ഒരു കഷണം പേപ്പര്‍. മാര്‍ക്ക് ഒരു കയ്യിലെ വിരല്‍ കൊണ്ടു എന്നിതീര്‍ക്കാന്‍ പറ്റുന്ന വിധം. എന്നാല്‍ ബിമലിനു മാത്രം പേപ്പര്‍ കിട്ടി ഇല്ല . അവസാനം ബിമല്‍ എഴുന്നേറ്റു . സര്‍ എന്റെ പേപ്പര്‍ കിട്ടി ഇല്ല. ഓഹോ താനാണോ ആ മഹാന്‍ " ഫാദര്‍ ഓഫ് മോഡേണ്‍ മാനേജ്മെന്റ് ?" ഫാദര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്സ് മാനേജ്മെന്റ് ? ഫാദര്‍ ഓഫ് ബ്ലോക്ക് ഡയഗ്രം മാനേജ്മെന്റ്? ക്ലാസ്സ് ആകെ നിശബ്ദം . ആര്ക്കും ഒന്നും മനസിലായില്ല . വിഷ്ണു എന്നോട് ചെവിയില്‍ ഇങ്ങനെ ചോദിച്ചു " എടാ fedrick taylor ഓര്‍ Peter F. Drucker ഓ അല്ലെ ഈ ഫാദര്‍ ഓഫ് മോഡേണ്‍ മാനേജ്മെന്റ് ?
ഇനി ഇവന്റെ വല്ലോരും ആണോ അങ്ങേരു? ഞാന്‍ അതെ എന്ന് സമ്മതിച്ചു .( ഉത്തരം അറിയാവുന്നതു കൊണ്ടല്ല , അറിയാവുന്നവര്‍ പറയുമ്പോള്‍ ശെരി വെക്കുന്നതില്‍ തെറ്റില്ലല്ലോ?). അടുത്തതായി സര്‍ ചോദിച്ചത് വെറും 2 മാര്‍ക്കിന്റെ ഒരു ചോദ്യമായിരുന്നു.

വാട്ട് ഈസ് മാനേജ്മെന്റ്??

ചോദ്യം തീര്‍ന്നില്ല അതിന് മുന്നേ ഫ്രണ്ട് റോയില്‍ നിന്നും നിധിന്‍ ചെറിയാന്‍ ചാടി എഴുന്നേറ്റു .. സര്‍

Management is both art and science. It is the art of making people more effective than they would have been without you. The science is in how you do that. There are four basic pillars: plan, organize, direct, and monitor.

പിന്നെയും അവന്‍ ഒന്നു രണ്ടു വാചകങ്ങള്‍ കൂടി പറഞ്ഞു ഇരുന്നു . തീര്ന്നു രണ്ടു മാര്‍ക്കിനു ഇത്രയും മതി.

ഇനി നമുക്കു ബിമലിന്റെ ഉത്തരം നോക്കാം.

രണ്ടു പുറംത്തില്‍ കവിയാതെ ഉപന്യസിക്കുക എന്നുള്ളതിന് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ രണ്ടാമത്തെ പേജിന്റെ വക്കില്‍ എഴുതി നിര്‍ത്തുന്നത് പോലെ ഒരു 2 പേപ്പറില്‍ ഒതുങിക്കിടക്കുന്ന ഒരു ഉത്തരം. കൂടെ ഒരു പത്തിരുപതു ബ്ലോക്ക് ഡയഗ്രം. അങ്ങേര്‍ ഉത്തരം വായിക്കാന്‍ തുടങ്ങി.

Management is both art and science. "ഓക്കേ കുഴപ്പമില്ലല്ലോ ഇവനാള് പുലി തന്നെ
മാനേജ്മെന്റ് വരെ പഠിച്ചു കളഞ്ഞു. " എന്നൊക്കെ പറയാന്‍ തുടങ്ങുമ്പോഴാണ് അടുത്ത ഭാഗം

ഇനി ഒരു അടിവര പിന്നെ ഒരു 3 ബ്ലോക്കും . നടുക്ക് മാനേജ്മെന്റ്, ഇടത്തും വലതും ആര്‍ട്ടും സയന്‍സും . നടുവിലെ ബ്ലോക്ക് അല്പം വലുത് , ഇടത്തും വലതും ഒരു പോലെ.( അതാണല്ലോ അതിന്റെ ഒരു ഇതു.. ഏത്? )

അടുത്ത ലൈനില്‍ ART എന്നെഴുതി ഒരു അടിവര

പിന്നെ കുറെ ബ്ലോക്കുകള്‍ ...

പിന്നെ നോക്കിയപ്പോളല്ലേ മനസിലായെ ബ്ലോക്കുകള്‍ നിറച്ചും കോട്ടയത്തെയും മലപ്പുറത്തെയും ആര്‍ട്സ് കോളേജ്കളുടെ പേരും കോഴ്സ്കളുടെ പേരും ആണെന്ന്.

അത് പോലെ തന്നെ സയന്‍സ് ബ്ലോക്കിനെയും അടിവരയിട്ടു ഒരു 10 ബ്ലോക്കില്‍ കെമിസ്ട്രി , ബോട്ടണി, ഫിസിക്സ് ഡിപ്പാര്ട്ട്മെന്റിനെ കഥകളും.

കൂടുതല്‍ വായിച്ചാല്‍ ആകെ ഉള്ള സീറ്റുകളുടെ എണ്ണവും കൂടി നമുക്കു കിട്ടും. ഇതെങ്ങാനും ഒരു 10 മാര്‍ക്കിനു ചോദിച്ചാല്‍ ഇവന്‍ ആ കോളേജിലെ മുഴുവന്‍ പെണ്പിള്ളാരുടെയും പേരും അഡ്രസ്സും കൂടി എഴുതിയെനേം.

അങ്ങനെ ബിമല്‍ ഞങ്ങളുടെ ഫാദര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് മാനേജ്മെന്റ് ആയി മാറി .
കൂടാതെ ഫാദര്‍ ഓഫ് ബ്ലോക്ക് ഡയഗ്രം മാനേജ്മെന്റ്ഉം

അതോടു കൂടി എന്റെ സഹപാഠികളുടെ MBA മോഹവും മാറിക്കിട്ടി.

ഇപ്പൊ എവിടെ വാട്ട് ഈസ് മാനേജ്മെന്റ്?? എന്ന് കേട്ടാലും ഞാന്‍ പറയും

Management is An ART of making Scientific BLOCK DIAGRAM !

16 comments:

  1. ജോബിനേ,

    സത്യം പറയാല്ലോ.. അന്യായ എഴുത്തായിപ്പോയി...
    ബിമാലിയോയെ ചവുട്ടിക്കീറി കളഞ്ഞില്ലേ?

    പോസ്റ്റിന്റെ പേരുകണ്ടപ്പോ തന്നെ സംഗതികള്‍ എന്തൊക്കെയാണെന്ന് മനസ്സിലായിരുന്നു.
    ഈ കഥ പല തവണ കേള്‍ക്കുകയും ഒരു 99 പേരോടെങ്കിലും പറയുകയും (ന്നൂറാമതൊരാള്‍ അറീയരുതെന്നാണല്ലോ!) ചെയ്തിട്ടും, നിന്റെ എഴുത്ത് വായിച്ച് പൊട്ടിച്ചിരിച്ചു പോയി..
    ഇതൊന്നുമറിയാതെ വീട്ടിലിരുന്ന്, രാവിലത്തെ ബ്രേക് ഫാസ്റ്റിനു ശേഷമുള്ള ലഘുഭക്ഷണമായ അപ്പവും മുട്ടയും കേറ്റിക്കൊണ്ടിരിക്കുന്ന ബിമലിന് എന്റെ എല്ലാവിധ ആശംസകളും...

    ഓഫ്: അങ്ങിനെ ബൂലോകത്തില്‍ എത്തുന്ന നമ്മുടെ ബാച്ചിലെ അഞ്ചാമത്തെ ഭീകരന്‍ എന്ന സ്ഥാനം നീ നേടിയിരിക്കുന്നു. കങ്കാരുലേഷന്‍സ്...

    ReplyDelete
  2. വായിക്കാന്‍ നല്ല രസമുണ്ട്..
    ഇതു പോലെ ഇനീം പോരട്ടെ..

    ReplyDelete
  3. എന്റെ ജോബിനെ.... ഇത്രേം വലിയ ഒരു കലാകാരന്‍ നിന്ടെ ഉള്ളില്‍ ഒറങ്ങി ക്കിടക്കുന്നുണ്ടാരുന്നെന്നു ഞാന്‍ അറിഞ്ഞില്ലല്ലോ.
    പ്രതേകിച്ചു ഒരു ലൈന്‍ ആയിട്ടെടുത്തു പറയണ്ട... എല്ലാ വരികളും സൂപ്പര്‍ ഡാ......സൂപ്പര്‍ അല്ല സൂപ്പര്‍ ഡൂപര്‍്.... ഞാന്‍ ഇവിടെ ഇരുന്നു ഒറ്റയ്ക്ക് ചിരിക്കുന്നത് കണ്ടു അടുത്തുള്ള റൂമിലെ പിള്ളേരൊക്കെ വന്നു നോക്കുന്നു....എന്നാലും .......ഒരു രക്ഷേം ഇല്ലാരുന്നു...

    ReplyDelete
  4. Anna Jobine kidilam..... ee kungu sareerathinullil ithrem 'bhalya' oru kalakaran undennu (nerathe ariyayirunnu) ennalum ithrem pratheekshichilla.... adipoli... awaiting more from u....

    ReplyDelete
  5. Dey,

    Avan ezhuthiya vere kurach vakyangal koodi cherkkamayirunnu. Nee marannu poyenkil nammude world memory bank aaya jakku vinodo edwinodo chodikkamayirunnu.

    ReplyDelete
  6. മച്ചമ്പീ കലക്കനായിട്ടുണ്ട്, ഓര്‍മകള്‍ ഉണര്‍ത്തുന്ന എഴുത്ത്. ടെക്നിക്കല്‍ പഠിക്കാന്‍ പോയിട്ടുള്ള പാഴുകള്‍ നന്നായി ആസ്വദിക്കും :).

    ReplyDelete
  7. "ബിമലും ഇലക്ട്രോണിക്സ് ഉം എന്നാല്‍ ഉമ്മന്‍ചാണ്ടിയും കീറിയ ഖദര്‍ ഷര്‍ട്ടും പോലാണ്." ജോബിനെ നീ ഇപ്പോളും ജീവനോടെ ഉണ്ടോ? ബിമല്‍ നിന്നെ ശരിയാക്കി കാണും എന്ന് വിശ്വസിക്കുന്നു.

    എഴുത്ത് കലക്കീണ്ട്!! വായിച്ചിട്ട് എനിക്ക് ചിരി അടക്കാന്‍ പറ്റിയില്ല. ഗംഭീര തുടക്കം. തുടര്‍ന്നും ഇത് പോലെ രസകരമായ ചില്ല് ജാലകങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു. എല്ലാ ആശംസകളും.

    ReplyDelete
  8. what is this? ഹഹ അസാധ്യ പുള്ളിയാണല്ലോ... കൊള്ളാട്ടോ..

    ReplyDelete
  9. ഞാനും ഇലക്ട്രോണിക്സ് ഡിപ്ലോമ കഴിഞ്ഞതിന് ശേഷം ബി.ടെകിന് ചേര്‍ന്ന ഒരാളാണ്. മാനേജ്‌മെന്റ് അധ്യാപകനുമാണ്, എന്തായാലും വിവരണം അസലായി. ബി.ടെക്കിന് (അന്ന് ലാറ്ററല്‍ എന്‍‌ട്രി ഇല്ലാത്തതിനാല്‍..ഭാഗ്യം) ശത്രുപാളയമായ മെക്കാനിക്കലില്‍ ആണ് എത്തപ്പെട്ടത്. പിന്നീട് വീണ്ടും മാനേജ്‌മെന്റ് പഠിക്കേണ്ട അവസരം വന്നതിനാല്‍ ഇത് വല്ലാതെ ഇഷ്ടമായി.

    ReplyDelete
  10. റബ്ബര്‍ പാല്‍ കൊണ്ടൂ ചായ ഉണ്ടാക്കന്ന വിദ്യ കൊള്ളാം. മില്‍മ്മ ഇപ്പൊ തന്നെ നഷ്ട്ത്തിലാണു. ഇതും കൂടിയാകുംപോള്‍ പൂര്‍ത്തിയാകും.
    ദീപക്.

    ReplyDelete
  11. ഓര്‍മ്മകള്‍ നന്നായിട്ടുണ്ട് - നല്ല എഴുത്ത്. എല്ലാ‍ ആശംസകളും.

    ReplyDelete
  12. പിന്നെ അവന്റെ ഒരു കാലിബറും( എന്ന്വച്ചാല്‍ ബജാജ് കാലിബര്‍ 115 cc). പിന്നെ ആള് ഇത്രയും കാലം മലപ്പുറത്ത്‌ ആയിരുന്നു. നാട് പാലാ ആണെങ്കിലും റബ്ബര്‍ പാല്‍ കണ്ടിട്ട് "ഈ പാല്‍ കൊണ്ടാണോ ഇവിടെ ചായ ഉണ്ടാക്കുന്നേ? " എന്ന് ചോദിച്ച മഹാന്‍ ! അളിയന്‍ മലപ്പുറം MSP ( മദ്രാസ് സ്പെഷ്യല്‍ പൊലീസ് ) ജയിലിലാണ് സോറി സ്കൂളിലാണ് പഠിച്ചത് . ഇവിടുത്തെ ജയില്‍ ഒക്കെ ഒരു ജയില്‍ ഒക്കെ ഒരു ജയില്‍ ആണോ അത് കാണണേല്‍ നീയൊക്കെ MSP ഇല്‍ പഠിക്കണം എന്ന് പറഞ്ഞു വന്നവന്‍ .

    Mone kidilam......

    ReplyDelete
  13. da answeril ellam kazinj sarinte valya "So what is management?" "what is science ?" enna randu chodyavum undarunnu.... adivarayode... ithokke angane marakkan paadunto??

    ReplyDelete
  14. Jobin,, that was really nice..Ennalum nammude kochum schooline biodatayil ninnum out aakiyathu seri aayilla. by the way, who is that (girl)friend from ur 1st grade? Do i know her?

    ReplyDelete
  15. ഇതു വഴി കടന്നു പോയവര്‍ക്കെല്ലാം നന്ദി. ബൂലോഗത്തിലെ എന്റെ ഭീകരന്മാരെ
    നിങ്ങളുടെ ആശംസകള്‍ക്കും ......

    ReplyDelete
  16. തകര്‍പ്പന്‍ ...
    പാവം പാണ്ടി

    ReplyDelete