Saturday, April 25, 2009

ഞാനും രാജുമോനും പിന്നെ പട്ടാളത്തിന്റെ കല്യാണവും ..

ഏപ്രിൽ 19 ! അന്നൊരു ഞായറാഴ്ച ആയിരുന്നു. ബാലചന്ദ്രമേനോന്റെ സിനിമ ആയ ഏപ്രിൽ 19 അല്ല ഈ കക്ഷി..ഇതു 2009 ഏപ്രിൽ 19 ഞായർ. അന്നായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനും ആസ്ഥാന പടം വരപ്പുകാരനും ആയ പട്ടാളത്തിന്റെ കല്ല്യാണം .

പട്ടാളം എന്ന്വച്ചാല്‍ ഒരു ഭയങ്കര പട്ടാളം തന്നെ... 6 അടി 3 ഇഞ്ച് പൊക്കവും വെറും 88 കിലോ മാത്രം തൂക്കവും ഉള്ള ഒരു ചെറിയേ മനുഷ്യന്‍ ! ( അവന്‍ അവനെ തന്നെ വിളിക്കുന്ന പേരാണ് ജൂബിന്‍ )

ഞങ്ങളുടെ ഒരു ചെറിയേ കൂട്ടത്തില്‍ എല്ലാര്‍ക്കിട്ടും "പോസ്റ്റ് " കൊടുക്കുക എന്ന ചെറിയേ ജോലി വളരെ കൃത്യതയോടെയും എന്നെക്കൊണ്ട് കഴിയുന്നതിനെക്കാള്‍ ആത്മാര്‍ത്ഥതയോടും കൂടി ചെയ്തു കൊണ്ടിരുന്ന ഒരു പാവം മനുഷ്യനാണ് ഈ ഞാന്‍ .

പിന്നെ രാജുമോന്‍ ... ഞങ്ങളുടെ പാവം ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയര്‍ ... കാഴ്ചയില്‍ ഒരു "രാജുമോന്റെ " അപ്പനാകാനുള്ള ഒരു ലൂക്സും പിന്നെ 38 വയസു പ്രായവും ഉണ്ടെങ്കിലും സ്വയം രാജുമോന്‍ എന്ന് വിളിക്കുന്ന ഒരു കൊച്ചു കുട്ടി ! ഹൊ ഒരാള്‍ക്കിട്ടു ഒരു പാര പണിയാന്‍ ( അഥവാ പോസ്റ്റ് കൊടുക്കാന്‍ ) അവന്‍ കഴിഞ്ഞിട്ടേ ഉള്ളൂ...

ഏപ്രില്‍ 19 നു പട്ടാളത്തിന്റെ കല്യാണം ഉറപ്പിച്ചപ്പോള്‍ തന്നെ നമ്മള്‍ അവനെ എങ്ങനെ അറ്റാക്ക്‌ ചെയ്യണം എന്നതിനുള്ള പ്ലാനിംഗ് ആരംഭിച്ചിരുന്നു... പാനിംഗ് ന്റെ കാര്യത്തില്‍ നമ്മള്‍ പണ്ടു മുതലേ ഒരല്‍പം മുന്‍പിലാണ് .. അത് കൊണ്ടു തന്നെ ഇവിടെയും ഞാന്‍ തന്നെ ആയിര‌ുന്നു പ്ലാനിംഗ് ചെയര്‍മാന്‍ ..

കല്യാണം എറണാകുളത്തിനടുത്ത് ത്രിപ്പൂണിത്തു എന്ന് പറയുന്ന ഒരു സ്ഥലത്തു വെച്ചായിരുന്നു..
കല്യാണത്തിന് ഒരു മാസം മുന്പ് തന്നെ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്കും തിരിച്ചും ജനശതാബ്ദി ട്രെയിനിന്നു ടിക്കറ്റും ബുക്ക് ചെയ്തു ...( അതും cleartrip വഴി 20 % discount- ല്‍ .. എന്നെ സമ്മതിക്കണം ..)

ട്രെയിന്‍ രാവിലെ 6.25 നാണു തിരുവനന്തപുരത്ത് നിന്നും .. രാജുമോന്‍ രാവിലെ ഒരു 6 മണി ആകുമ്പോള്‍ എന്റെ വീട്ടില്‍ എത്തുന്നു . ഞങ്ങള്‍ ബൈക്കില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നു.. 6.15 ആകുമ്പോള്‍ സ്റ്റേഷനില്‍ എത്തുന്നു .. ബൈക്ക് പാര്‍ക്ക് ചെയ്യുന്നു ..ട്രെയിനില്‍ കയറുന്നു... 10 മണിക്ക് എറണാകുളം എത്തുന്നു... 10.45 നു പട്ടാളത്തിന്റെ വീട്ടില്‍ എത്തുന്നു.. ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നു... 11.30 നു കല്യാണം... കല്യാണം കൂടുന്നു... വീണ്ടും ഫുഡ് അടിക്കുന്നു... മറൈന്‍ ഡ്രൈവ് ലേക്ക് പോകുന്നു .. വായില്‍ നോക്കി നടക്കുന്നു... വീണ്ടും വായില്‍ നോക്കി നടക്കുന്നു... തിരിച്ചു 5.35 നു ജനശതാബ്ദിക്ക് തന്നെ പോരുന്നു...

ആഹ എത്ര മനോഹരമായ പ്ലാനിംഗ്....

ദോഷം പറയരുതല്ലോ .. രാവിലെ അലാറം വെച്ചാല്‍ ആദ്യത്തെ ബെല്ലിനു തന്നെ എഴുന്നേല്‍ക്കുന്ന എന്നിലുള്ള വിശ്വാസം കൊണ്ടു ഞാന്‍ രാജുമോന്റെ അടുത്ത് കൃത്യം 5 മണിക്ക് തന്നെ എന്നെ മൊബൈലില്‍ വിളിക്കണം എന്ന് പറഞ്ഞേല്‍പ്പിച്ചു...

എന്തായാലും നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വന്ന ജിമ്മിച്ചന്റെ ബഹളമാണ് എന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്.. സമയം 5.30 AM. മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ ഒരു മിസ്ഡ് കാള്‍ കിടക്കുന്നു.. രാജുമോന്‍ . ( പിന്നെ അല്ലെ അറിഞ്ഞത് മൊബൈലില്‍ ബാലന്‍സ് ഇല്ല എന്ന് പറഞ്ഞു അവന്‍ മിസ്ഡ് കാള്‍ ആണ് അടിച്ചത് എന്ന് . അപ്പോള്‍ തുടങ്ങി അവന്‍ അന്നത്തെ കലാപരിപാടികള്‍ ) അപ്പോള്‍ തന്നെ രാജുമോനെ വിളിച്ചു...

രാജുമോന്‍ : ഞാന്‍ റെഡി ആയി ..ദാ ഇപ്പോള്‍ ഇറങ്ങും... റെഡി ആയി നിന്നോ..

കൃത്യം 5.50 ആയപ്പോള്‍ തന്നെ ഞാന്‍ ഒരുങ്ങി രാജുമോനെ വിളിച്ചു...

രാജുമോന്‍ : ഞാന്‍ വന്നു കൊണ്ടിരിക്കുന്നു...

സമയം 6 മണി ഞാന്‍ റെഡി ആയി വഴിയിലിറങ്ങി.....

ഗോപുമോനും സന്ദീപും റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വഴി...

ഗോപുമോന്‍ : ഡാ വരുന്നോ...
ഞാന്‍ : ഇല്ല നിങ്ങള്‍ പൊക്കോ... "ഞാനും രാജുമോനും... " കൂടി വന്നോളാം ...

സമയം 06.05 ..

വീണ്ടും രാജുമോനെവിളിച്ചു...

ഞാന്‍ : രാജുമോനെ എവിടെത്തി??
രാജുമോന്‍ : ഇപ്പം എത്തും...

സമയം 06.10, 06.15, 06.20... അങ്ങനെ രാജുമോന്‍ വന്നപ്പോ സമയം 06.20 ..

ഞാന്‍ : രാജുമോനെ എന്ത് പറ്റീ?
രാജുമോന്‍ : രാവിലെ വണ്ടി സ്റ്റാര്‍ട്ട് ആയില്ല .. സ്റ്റാര്‍ട്ട് ആയപ്പോള്‍ അക്സിലെരട്ടര്‍ വര്‍ക്ക് ചെയ്യുന്നുമില്ല..

ഞാന്‍ : രാജുമോനെ കത്തിച്ചു വിട്ടോ... ട്രയിന്‍ 5 മിനിട്ട് ലേറ്റ് ആണേല്‍ കിട്ടും..


എന്തായാലും വണ്ടി പാളയം എത്തിയപ്പോള്‍ ഗോപുമോന്‍ വിളിച്ചു പറഞ്ഞു..

"ഡാ വണ്ടി വിട്ടു കേട്ടോ... നമുക്കു എറണാകുളത്തു വെച്ചു കാണാം..." ( അവന്റെ ഒരു സന്തോഷം )

ഞാന്‍ വാച്ചില്‍ നോക്കി . സമയം കൃത്യം 06.23 . ദൈവമേ റെയില്‍വേയുടെ ഒരു കൃത്യത !!!

എന്ത് ചെയ്യാന്‍ ഇനി 06.35 നു കോട്ടയം വഴി പരശുരാം അതല്ലെങ്കില്‍ 07.15 നു ശബരി എക്സ്പ്രസ്സ്.

അപ്പോളാണ് രാജുമോന്റെ തലയില്‍ ആ ഒടുക്കത്തെ ബുദ്ധി ഉദിച്ചത്...

" ഞാന്‍ കാരണം അല്ലെ ജോബിനു കൂടി ട്രെയിന്‍ കിട്ടാതെ പോയത് ... ഞാന്‍ തന്നെ സമയത്തു അവിടെ എത്തിച്ചിരിക്കും..."

ഇതു പറയുകയും.. പാളയം വഴി ഇടത്തോട്ടു തിരിയുന്നതിന് പകരം രാജുമോന്റെ ഹീറോ ഹോണ്ട നിയമസഭാ മന്ദിരത്തിനു മുന്പില്‍കൂടി വലത്തോട്ട് തിരിഞ്ഞു വന്ന വഴിയേ തന്നെ ശ്രീകാര്യം റൂട്ടില്‍!

ഞാന്‍ : രാജുമോനെ ഇതെന്താ പ്ലാന്‍ ?
രാജുമോന്‍ : മുറുക്കെ പിടിച്ചിരുന്നോ... പിന്നെ പറയാം... സസ്പെന്‍സ് ആണ്.. ( അടുത്ത പോസ്റ്റിനുള്ള തുടക്കം...)

ശ്രീകാര്യം എത്തിയപ്പോള്‍

രാജുമോന്‍ : നമ്മള്‍ ഈ ബൈക്കില്‍ കൊല്ലത്തിനു പോകുന്നു... അവിടെ വെച്ചു.. നമ്മള്‍ ജനശതാബ്ധിക്ക് തന്നെ പോണു...!!!!

ഹും ജനശതാബ്ധിയെ അല്ലെ ഇവന്‍ ഈ ഉണക്ക സ്പ്ലെന്ടെര്‍ വെച്ചു ഓവര്‍ടെക്ക് ചെയ്യാന്‍ പോണേ...

കഴക്കൂട്ടം ആയപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി... ഇതില്‍ പോയാല്‍ ജനശതാബ്ധി അല്ല ശബരി പോലും കിട്ടില്ല.. എന്ന്

ഞാന്‍ : രാജുമോനെ വണ്ടി ഇവിടെ വെച്ചോ നമുക്കു KSRTC ക്ക് പോകാം ..

അങ്ങനെ ഞങ്ങള്‍ ഒരു ഫാസ്റ്റ് ഒക്കെ പിടിച്ചു കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ ...

ഞാന്‍ ടിക്കറ്റ് എടുക്കാന്‍ ക്യൂ നില്‍ക്കുമ്പോള്‍ രാജുമോന്‍ വെറുതെ അന്വേഷണ കൌണ്ടറില്‍ പോയി ഒരു അന്വേഷണം..

ചേട്ടാ ഇനി ത്രിപ്പൂണിതുറ ... സ്റ്റോപ്പ് ഉള്ള ട്രെയിന്‍ വല്ലോം ഉണ്ടോ?

അങ്ങേര്‍ പ്ലാറ്റ്ഫോര്‍മിലേക്ക് കൈ ചൂണ്ടി...

"ദാ പോണു... "

നോക്കുമ്പോള്‍ പരശുരാം !!.. ഓടിക്കയറാനും. നിവര്‍ത്തി ഇല്ല.. പ്ലാറ്റ് ഫോറം നമ്പര്‍ 5 ലാണ് വണ്ടി...

അതും സമയം കിറുകൃത്യം...

പിന്നെന്തു ചെയ്യാന്‍ .. ശബരിക്ക്‌ ടിക്കറ്റ് എടുത്തു..

ശബരി കൃത്യം അര മണിക്കൂര്‍ വൈകി കൊല്ലത്ത്... അതിനാണേല്‍ ത്രിപ്പൂണിതുറ സ്റ്റോപ്പും ഇല്ല.

ഇനിയിപ്പോള്‍ എറണാകുളം പോയി ബസിനു തിരിച്ചു വരാം...

അങ്ങനെ നോക്കുമ്പോള്‍... ദാ ഓഫീസിലുള്ള കുറച്ചു പേര്‍ ആ ട്രെയിനില്‍.. എന്തായാലും നമുക്കു പറ്റിയ അബദ്ധങ്ങള്‍ ഒന്നും മിണ്ടാതെ നമ്മള്‍ അവരുമായി കത്തിയടിച്ച്‌ അങ്ങനെ മുന്നേറി...

ഇടയ്ക്ക് ഞാന്‍ വെളിയിലേക്ക് നോക്കുമ്പോള്‍... "മുളന്തുരുത്തി" സ്റ്റേഷന്‍ . ട്രെയിന്‍ നിര്‍ത്തി ഇട്ടെക്കുന്നു... എന്തോ ക്രോസ്സിംഗ് ആരിക്കും...

ഞാന്‍ : രാജുമോനെ രക്ഷപെട്ടു... ചാടിക്കോ... ഇവിടെ നിന്നും 15 മിനിട്ടേ ഉള്ളൂ...

അങ്ങനെ ഞങ്ങള്‍ മുളന്തുരുത്തി സ്‌റ്റേഷനില്‍ ചാടി..

സ്‌റ്റേഷനില്‍ നിന്നും വെളിയിലേക്ക് നടക്കുമ്പോള്‍ ഞാന്‍ നോക്കി.. സമയം 11.15 . ഹൊ കല്യാണം തുടങ്ങുമ്പോള്‍ അങ്ങെത്താം ..

രാജുമോന്‍ : ജോബിനെ ഇതൊന്നും ആയിട്ടില്ല ഇനിയും എന്തോ കൂടി വരാനുണ്ട്..
ഞാന്‍ : യേയ് ഇനി പ്രോബ്ലം ഇല്ല...
രാജുമോന്‍ : അല്ല എന്തോ കൂടി ഉണ്ടെന്നു എന്റെ മനസ്സു പറയുന്നു...

വരാനുള്ളത്‌ വഴീല്‍ തങ്ങില്ലല്ലോ .. അവന്‍ ബസ്സ് പിടിച്ചാണെങ്കിലും വരും !

നേരെ വഴിയില്‍ എത്തിയപ്പോളെ ഒരു ബസ്സ്..

ചേട്ടാ ഇതു ത്രിപ്പൂണിതുറ പോകുമോ??

പിന്നില്ലാതെ കേറിക്കോ...

ഹൊ ആശ്വാസമായി... 2
ത്രിപ്പൂണിതുറ

അടുത്തിരു‌ന്ന ആളോടു, ചേട്ടാ ഈ സെന്റ് : മേരീസ്‌ ഫൊറോന പള്ളി എവിടാ?

അത് ടൌണില്‍ തന്നെ ആണ്.. കിഴക്കേകോട്ടയില്‍ ഇറങ്ങിയാല്‍ മതി..പക്ഷെ നിങ്ങള്‍ എന്തിനാ ഈ ബസില്‍ കയറിയത്...??

അതെന്താ ചേട്ടാ ഇതു അതിലെ പോവില്ലേ?

അതല്ല.. ഇതു തിരുവാങ്കുളം വഴി കറങ്ങി പോണ വണ്ടിയാണ് ഒരു മുക്കാല്‍ മണിക്കൂര്‍ എടുക്കും...

നേരെ ഉള്ള ബസ്സ് ആണേല്‍ ഒരു 10 മിനിട്ട് കൊണ്ടു അങ്ങെത്തും...

ഞാന്‍ രാജുമോനെ ഒന്നു രൂക്ഷമായി നോക്കി...

ഞാന്‍ അപ്പോളെ പറഞ്ഞില്ലേ എന്ന ഭാവത്തില്‍ രാജുമോന്‍ ഒരു കള്ളച്ചിരി ..

ഞങ്ങള്‍ പരസ്പരം വീണ്ടും ഒന്നു കൂടി നോക്കി ...

പിന്നെ അതൊരു കൂട്ടച്ചിരി ആകാന്‍ ഒരു നിമിഷം കൂടി എടുത്തില്ല...

വാല്‍ക്കഷ്ണം : " കല്യാണം നടത്തിയ അച്ചന്‍ സഹായിച്ചത് കൊണ്ടു ഞങ്ങള്‍ക്ക് എന്തായാലും കൃത്യസമയത്ത് തന്നെ ( വിളംബുന്നതിനു കൃത്യം 1 മിനിറ്റു മുന്നേ..... സത്യം ) കല്യാണം കൂടാന്‍ സാധിച്ചു.."







9 comments:

  1. സമയം കയ്യില്‍ വെച്ചുപോകുമ്പോള്‍ പലപ്പോഴും നമുക്കൊക്കെ സംഭവിക്കാറുള്ള അതെ കാര്യങ്ങള്‍. നല്ല വിവരണം!

    ReplyDelete
  2. ജോബിനു ഒരു പണി കൊടുക്കണം എന്നു രാജുമോന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഇത്രെം പ്രതീക്ഷിച്ചില്ല!

    ReplyDelete
  3. ഓ..........നഷ്ടമൊന്നും ആയില്ലല്ലോ ഉണ്നുന്നതിനു മുന്പ് ചെല്ലാന്‍ പറ്റിയില്ലേ....ഞങ്ങളൊക്കെ കൂട്ടുകാരുടെ കല്യാണത്തിന് ഇങ്ങനെയാ......പോവുന്നത് .വിളമ്പുന്നതിന് തൊട്ടു മുന്പ് ചെല്ലും....ഏതായാലും വിവരണം നന്നായി ....പല തവണ ഇത്തരം അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്...

    ReplyDelete
  4. " ജോബിനെ ഇതൊന്നും ആയിട്ടില്ല ഇനിയും എന്തോ കൂടി വരാനുണ്ട്.."

    എനിക്കും അത് തന്നെയാ പറയാന്‍ ഉള്ളത്.....അടുത്തത് പോരട്ടെ....

    ReplyDelete
  5. hehhheeee...kolllam, janasatabhi malayalee ayi janichorkellam oru pani kodithundennu thonnunu

    ReplyDelete
  6. പൂട്ടിപ്പോയ ബ്ലോഗിൽ, പോസ്റ്റിന്റെ പത്താം വാർഷികത്തിൽ കമൻറ് ഇട്ട് യുവാ‌വ് മാതൃകയായി!

    ReplyDelete