Wednesday, April 22, 2009

താക്കോലെടുക്കാതസ്തമയത്തില്‍

2009 ഏപ്രില്‍ 16 വ്യാഴാഴ്ച്ച , അന്നും പതിവ് പോലെ നേരം വെളുത്തു. കോഴി കൂവിയോ ആവോ സാധാരണ 8 മണിക്കുള്ള അലാറം കേട്ടു അതിരാവിലെ തന്നെ ഉണരാരുള്ളത് കൊണ്ട് കോഴിയെ നമ്മള് പൊതുവേ ഗൌനിക്കാറില്ല. ഇന്ത്യ മഹാരാജ്യം ഭരിച്ചു കുട്ടിചോര്‍ ആക്കാന്‍ അടുത്ത 5 വര്‍ഷത്തേക്കുള്ള പാട്ടക്കരാര് കൊടുക്കാന് ലേലം വിളി തുടങ്ങുന്ന ആദ്യദിനം.

100 കോടി ജനങ്ങളെ ആര് ഭരിക്കണം എന്ന് തീരുമാനിക്കാനുള്ള , കോടികള് ചിലവിടുന്ന , മാമാങ്കത്തില് അതിരാവിലെ ( എന്ന് വെച്ചാല് 9 മണി ) തന്നെ പോയി ഞാനും പങ്കാളിയായി. ( ഉത്തമ പൌരന്റെ പൌരബോധം !) . ഇന്നത്തെ ദിവസം ഇനി എങ്ങനെ അര്‍മാദിക്കാം എന്നതായി അടുത്ത ചിന്ത . കൂട്ടുകാരെ പലരെയും വിളിച്ചു നോക്കി..നോ രക്ഷ ... ഒരാഴ്ച അവധി ആയതിനാല്‍ എല്ലാവരും ഔട്ട് ഓഫ് റേഞ്ച് ... 2 ദിവസം മുന്‍പ് വായു ഭഗവാന്‍ വിഷു ആഘോഷ പരിപാടികളുടെ ഭാഗമായി എന്റെയും അയല്ക്കാ രുടെയും പറമ്പുകളില്‍ "ഓടിച്ചിട്ട് പിടിത്തം" കളിച്ചു റബര്‍ മരങ്ങള് കുറച്ചു എണ്ണം KSEB ലൈനിന്റെ മുകളിലേക്ക് വലിച്ചിട്ടതിനാല്‍ വീട്ടില് കറന്റ് ഉം ഇല്ല..

അവസാനം ഒരു തീരുമാനത്തിലെത്തി.. ഇന്നല്പ്പം നേരത്തെ തിരുവനന്തപുരത്തിന് പോയേക്കാം... മിനിയാന്ന് കോട്ടയത്ത് പാര്‍ട്ടിക്കാര് "ഏറുപന്ത് " കളിച്ചു സ്ഥാനാര്‍ഥിയുടെ തലയില്‍ തന്നെ കൃത്യം എറിഞ്ഞിട്ടതാണ്. ഇനിയിപ്പം പോളിംഗ് കഴിഞ്ഞാല്‍ നാട്ടുകാരുടെ നെഞ്ചത്ത് എറിയണം എന്ന് തോന്നിയാലോ ???


വൈകിട്ടുള്ള വേണാട് ആണ് നമ്മുടെ സ്ഥിരം വണ്ടി അതിനു പകരം ഉച്ചക്കുള്ള പരശുരാം പിടിച്ചു വൈകിട്ട് 6 മണിക്ക് തന്നെ തിരുവനന്തപുരത്ത് എത്തി. വീട് തുറക്കാന്‍ നോക്കുമ്പോഴാണ് കയ്യില്‍ താക്കോല്‍ ഇല്ല എന്ന ദുഖ സത്യം അറിഞ്ഞത്.

ഇക്കാര്യം അറിയിക്കാതെ സഹമുറിയന്മാരെ എല്ലാവരെയും വിളിച്ചു നോക്കി (അറിയിച്ചാല്‍ പിന്നെ അവന്മാര്‍ അക്കാരണത്താല്‍ താമസിച്ചേ വരൂ ) നോ രക്ഷ... 4 പേര് ഇനി അടുത്ത ആഴ്ചയിലെ വരുന്നുള്ളൂ.. ബിമല്‍ പാലായില്‍ നിന്നും ദാ ഇപ്പോള് കയറിയാതെ ഉള്ളൂ എന്ന് .. അടുത്ത വഴിയായി ഹൌസ് ഓണറെ വിളിച്ചു നോ‍ക്കി.

" ജോബിനെ താക്കോല്‍ ഇവിടെ കാണാന്‍ ചെറിയ ഒരു സാധ്യത ഉണ്ട് . പക്ഷെ അത് തപ്പി എടുക്കണമെങ്കില് ഒരു ദിവസത്തെ പണി ആണ്.മറ്റു വല്ല വഴിയും ഉണ്ടേല്‍ നോക്കിക്കോ.." ( എന്ന് വെച്ചാല്‍ പൂട്ട് കുത്തി തുറന്നു വേണേല്‍ കേറിക്കോ എന്ന് !)

കൃത്യം ഈ സമയത്താണ് ജിമ്മിച്ചന്‍ വിളിക്കുന്നത് .. ( അവന്റെ പേര് ശ്രീജിത്ത് എന്നാണു എങ്കിലും ജിമ്മില്‍ പോകാനുള്ള അവന്റെ അപാര അര്‍പ്പണ ബോധം മൂലം നാട്ടുകാരും കൂട്ടുകാരും അവനെ വിളിക്കുന്ന പേരാണു ജിമ്മിച്ചന്‍).

"അളിയാ ഞാന്‍ ഇന്ന് നൈറ്റ് ഷിഫ്റ്റ് ആണ് .. ഓഫീസില്‍ എത്തി . നീ എവിടാ... ?"

ഹോ ആശ്വാസമായി. ഒരുത്തന്‍ ‍എങ്കിലും ഉണ്ടല്ലോ സ്ഥലത്ത് .

"ഡാ ഞാന്‍ ഇവിടെ പോസ്റ്റ് ആയി നിക്കുവാ . നിന്റെ കയ്യില്‍ കീ ഉണ്ടോ?"

പിന്നേ..... ( ആ പിന്നേക്ക് ഒരു രണ്ടു രണ്ടര നീട്ടം ഉണ്ടാരുന്നു എന്ന് ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു ..) നീ ടെക്നോ പാര്‍ക്കിലോട്ടു വാ .. കീ ഞാന്‍ തരാം...

എന്നാല്‍ പിന്നെ ടെക്നോ പാര്‍ക്കിലേക്ക് തന്നെ പോയ്ക്കളയാം ...

വീടിന്റെ മുന്‍പിലിരുന്നു എന്നെ നോക്കി ചിരിക്കുന്ന ബൈക്കുകളെ കണ്ടില്ലെന്നു നടിച്ചു ( അതിന്റെ ഒക്കെ താക്കോലും വീടിനകത്താണല്ലോ !) ഞാന്‍ ഉടന്‍ തന്നെ KSRTC ബസ് , ആട്ടോ ഒക്കെ പിടിച്ചു ടെക്നോ പാര്‍ക്കി ലെത്തി...

"അളിയാ ഞാന്‍ ഇപ്പൊ ഭവാനിയുടെ മുന്നിലുണ്ട് ( ഭവാനി ഒരു ബില്‍ഡിംഗ്‌ ആണ് കേട്ടോ )
ഇറങ്ങി വാ "

ഒരു മിനിട്ട് ദാ വരുന്നു...

ആ ഒരു മിനിട്ട് ഒരു 5 മിനിട്ട് ആയപ്പോള് 32 പല്ലും വെളിയില്‍ കാണിക്കുന്ന ഒരു ക്ലോസപ്പ് ചിരിയുമായി നമ്മുടെ ജിമ്മിച്ചന്‍ എത്തി...

ഡാ ഒരു ചെറിയ പ്രോബ്ലം..

എന്താ താക്കോലില്ലേ?

അതല്ല .. താക്കോല്‍ ബൈക്കിന്റെ കീയുടെ കൂടെ ആണ്...

അതിനെന്താ.. നീ ബൈക്കിലല്ലേ വന്നത്... ??

"ബൈക്ക് നമ്മുടെ ഒരു കൂട്ടുകാരന്‍ സെക്കന്റ് ഷോ കാണാന് കൊണ്ട് പോയീ.."

ഇത് മൊത്തം കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല... ജിമ്മിച്ചനെ കെട്ടി പിടിച്ചു ചെറിയ ഒരു സ്നേഹപ്രകടനം അങ്ങട്ട് നടത്തി ...

അപ്പോളാണ് നമ്മുടെ ഹൌസ് ഓണര്‍ വിളിക്കുന്നത്

" ഇങ്ങു വാ താക്കോല് ഇവിടെ ഉണ്ട്..."

ഹോ ആശ്വാസമായി..... അതെ ഓട്ടോയില്‍ തന്നെ ഞാന്‍ ഹൌസ് ഓണര്‍ന്റെ വീട്ടിലേക്കു തിരിച്ചു.

"ഇതില്‍ നിന്നും നോക്കി എടുത്തോ..." എന്ന് പറഞ്ഞു ഒരു ചെരുവം നിറയെ താക്കോലുകളുമായി ഹൌസ് ഓണര്‍.


എന്റെ വിധി അല്ലാതെന്താ.. എല്ലാ താക്കോലും കണ്ടാല്‍ ഒരു പോലെ.. അവസാനം ഒരു മണിക്കൂര്‍ കൊണ്ട് ഒരു 30 എണ്ണം ഒരു വിധം ഒപ്പിച്ചു... നേരെ അതുമായി വീട്ടിലേക്കു...

1,2,3 നോ രക്ഷ...അവസാനം ആറാമത്തെ ശ്രമം വിജയിച്ചു...
അങ്ങനെ ഞാന്‍ വിജയകരമായി അകത്തു കടന്നു .

ഒരു കുപ്പി വെള്ളം കുടിച്ചു ഒന്ന് വിശ്രമിക്കാം എന്ന് കരുതി അടുക്കളയില്‍ എത്തിയപ്പോഴാണ് ഇത് വരെ തകരാതെ ഇരുന്ന എന്നെ അടിമുടി തകര്‍ത്തു കളഞ്ഞ ആ കാഴ്ച..

അതാ ബിമല്‍ അടുക്കളയില്‍ !!!! കയ്യില് എടുത്താല്‍ പൊങ്ങാത്ത ഒരു ബുക്കും..
" How to Win JTO - 2009"
എടാ.......................... ( അഞ്ചു മിനിട്ട് ) നീ ഇപ്പോള്‍ വന്നു???

അവന്റെ ട്രേഡ് മാര്‍ക്ക് ചിരിയുടെ അകമ്പടിയോടെ...

"ഞാന്‍ അതിനു വീട്ടില്‍ പോയില്ലല്ലോ.... ഇനി JTO കിട്ടിയിട്ടേ വീട്ടിലെക്കുള്ളൂ മോനെ ....
പിന്നെ നീയൊക്കെ ശല്യപെടുത്താതിരിക്കാന്‍ വേണ്ടി പാലായില്‍ ആണെന്ന് അങ്ങ് കാച്ചിയതല്ലേ... "

ഇതില്‍ കൂടുതല്‍ എന്ത് കേള്‍ക്കാന്‍.. (ഇതിലും കൂടുതല്‍ എന്ത് അനുഭവിക്കാന്‍ ) എന്തായാലും ഇത്തവണത്തെ കേരളത്തിലെ ലോകസഭ തിരഞ്ഞെടുപ്പ് എനിക്ക് എന്നെന്നും ഓര്‍മ്മിക്കാന്‍ ചില നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ടാണ് വിട വാങ്ങിയത്...

8 comments:

  1. ഡാ എനിക്ക് കുറച്ചു സംശയം....
    ബിമല്‍ എങ്ങനെ ഉള്ളില്‍ കയറി... അഥവാ അവന്‍ ഉള്ളില്‍ ഉണ്ടായിരുന്നെന്കില്‍ പുറത്തു നിന്നും വീട് പൂട്ടിയതാര് ?.....ഇതൊന്നും ജിമ്മിച്ചന്‍ എങ്ങനെ അറിയാതിരിക്കും.... ആകെ മൊത്തം ഒരു ചിന്ത കുഴപ്പം....
    ഒരു CBI അന്വേഷണം വേണ്ടി വരുമോ ...?
    എന്തായാലും നീ ഒന്ന് സൂഷിക്കുന്നത് നല്ലതാണ് കേട്ടോ...

    ലളിതവും ഹ്രസ്വവും സരസവുമായ പോസ്റ്റ് ... :)

    ReplyDelete
  2. നിനക്ക് അങ്ങനെ തന്നെ വേണം!!......
    പോസ്റ്റ് കലക്കി, ക്ലൈമാക്സ് കിടിലന്‍ .....ചിരിച്ചു ചിരിച്ചു മടുത്തു ....

    @ ദീപ
    "ബിമല്‍ എങ്ങനെ ഉള്ളില്‍ കയറി... അഥവാ അവന്‍ ഉള്ളില്‍ ഉണ്ടായിരുന്നെന്കില്‍ പുറത്തു നിന്നും വീട് പൂട്ടിയതാര് ?"

    ഈ ബുദ്ധി ഇല്ലയ്മക്ക് ഒക്കെ ഒരു പരിധി ഇല്ലെ? എന്തൊരു മണ്ടന്‍ ചോദ്യം..??

    ReplyDelete
  3. കൊള്ളാം, കിടിലന്‍.....
    ഡാ, അവന്റെ കാര്യം കൊണ്ട് തോറ്റു. ഞാന്‍ “ബിമല്‍ കഥ“കള്‍ക്കായി ഒരു ബ്ലോഗ് തുറക്കാന്‍ പൊകുകയാണ്. ഒരു പതിപ്പ് അതിലൂടെ ഇട്ടേക്കണേ? അഡ്രസ്സ് താമസിയാതെ തരാം.

    ReplyDelete
  4. @ദീപ : എടീ അകത്തു നിന്നും പൂട്ടാവുന്ന പൂട്ട് ഒക്കെ ഉണ്ട് കേട്ടോ... പിന്നെ ജിമ്മിച്ചന്‍ വീട്ടില്‍ നിന്നും നേരെ വന്നതാണ്‌ വോട്ട് ഒക്കെ കഴിഞ്ഞു :-)...

    പിന്നെ ക്ലൈമാക്സ് മാറ്റണമെങ്കില്‍ പറഞ്ഞാല്‍ മതി... ഇപ്പൊ നമ്മള്‍ വായനക്കാരുടെ അഭിപ്രായം അനുസരിച്ച് ക്ലൈമാക്സ് ഒക്കെ മാറ്റാറുണ്ട്... :-)

    ReplyDelete
  5. ഡേയ് ഡേയ് ബിമലിനെ അങ്ങനെ അങ്ങ് കൊച്ചാക്കണ്ട. ഇത്തിരി ബുദ്ധി കുറഞ്ഞു പോയി എന്ന് വെച്ച്? തലയില്‍ കേറി നെരങ്ങുന്നതിനും ഒരു പരിധിയില്ലേ?

    പോസ്റ്റ് കിടിലനായി കേട്ടോ.. (അവന്‍ കേള്‍ക്കണ്ട.)

    ReplyDelete
  6. പോസ്റ്റ് കൊള്ളാം :)

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. "2 ദിവസം മുന്‍പ് വായു ഭഗവാന്‍ വിഷു ആഘോഷ പരിപാടികളുടെ ഭാഗമായി എന്റെയും അയല്ക്കാ രുടെയും പറമ്പുകളില്‍ "ഓടിച്ചിട്ട് പിടിത്തം" കളിച്ചു റബര്‍ മരങ്ങള് കുറച്ചു എണ്ണം KSEB ലൈനിന്റെ മുകളിലേക്ക് വലിച്ചിട്ടതിനാല്‍ വീട്ടില് കറന്റ് ഉം ഇല്ല.."

    "മിനിയാന്ന് കോട്ടയത്ത് പാര്‍ട്ടിക്കാര് "ഏറുപന്ത് " കളിച്ചു സ്ഥാനാര്‍ഥിയുടെ തലയില്‍ തന്നെ കൃത്യം എറിഞ്ഞിട്ടതാണ്. ഇനിയിപ്പം പോളിംഗ് കഴിഞ്ഞാല്‍ നാട്ടുകാരുടെ നെഞ്ചത്ത് എറിയണം എന്ന് തോന്നിയാലോ ???"


    കിടിലന്‍ അലക്ക് !!!

    എഴുത്ത് കൊള്ളാം

    ReplyDelete